'അവർ തല്ലി, മുഖത്ത് തുപ്പി; ഏജന്‍റ് പൂട്ടിയിട്ടു'; കുവൈത്തിൽ കുടുങ്ങി യുവതി

മോചനത്തിനായി അപേക്ഷിച്ച്  മനുഷ്യക്കടത്തിന് ഇരയായി കുവൈത്തില്‍ കുടുങ്ങിയ കൊച്ചി സ്വദേശിനി. ഏജന്‍റ് പൂട്ടിയിട്ടിരിക്കുകയാണെന്നും  വിട്ടയക്കാന്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വ്യക്തമാക്കി യുവതി ഭര്‍ത്താവിന് വിഡിയോ സന്ദേശമയച്ചു. യുവതിെയ നാട്ടിലെത്തിക്കാന്‍ എംബസിയുടേയും നോര്‍ക്കയുടേയും സഹായം തേടുകയാണ് ചെറായി സ്വദേശിയായ ഭര്‍ത്താവും പത്ത് വയസുകാരന്‍ മകനും.  

ചെറായി ദേവസ്വംപാടത്തെ ഈ ഒറ്റമുറി വീട്ടില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് മുപ്പത്തിരണ്ടുകാരിയായ യുവതി രണ്ടര മാസം മുന്‍പ് കുവൈത്തിലേക്ക് വിമാനം കയറിയത്. തൃശൂര്‍ സ്വദേശിയായ ഏജന്‍റ് മുഖാന്തിരമായിരുന്നു യാത്ര. അറബിയുടെ വീട്ടില്‍ കുട്ടിയെ നോക്കലായിരുന്നു ജോലി. ഇതിന് പുറമെ വീട്ടിലെ മുഴുവന്‍ ജോലിയും ചെയ്യേണ്ടിയും വന്നും. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയാറാകാത്ത വീട്ടുകാര്‍ ഏജന്റിനെ വിളിച്ചുവരുത്തി യുവതിയെ വിട്ടയച്ചു. ഏജന്റ് ഏര്‍പ്പെടുത്തിയ രണ്ടാമത്തെ വീട്ടിലെ ജോലിയും ദുരിതപൂര്‍ണമായിരുന്നു. ഇവര്‍ തല്ലുകയും മുഖത്ത് തുപ്പുകയും ചെയ്യുമായിരുന്നുവെന്നും യുവതി ഭര്‍ത്താവിനയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു. ദുരിതം സഹിക്കവയ്യാതായപ്പോള്‍ ഏജന്റിന്റെ അടുത്തേക്ക് പോയ യുവതിയെ നിലവില്‍ ഏജന്റ് പൂട്ടിയിട്ടിരിക്കുകയാണ്. രണ്ട് മാസത്തിലധികം ജോലിചെയ്തതിന്റെ ശമ്പളവും നല്‍കിയിട്ടില്ല. രണ്ടര ലക്ഷം രൂപ നല്‍കിയാല്‍ യുവതിയെ വിട്ടയക്കാമെന്നാണ് ഒടുവില്‍ ഏജന്റ് ഭര്‍ത്താവിനെ അറിയിച്ചിരിക്കുന്നത്

സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നോര്‍ക്കയെയും ഹൈബി ഈഡന്‍ എം.പിയെയും ഭര്‍ത്താവ് സമീപിച്ചിട്ടുണ്ട്. എംബസിയെ വിവരം ധരിപ്പിച്ചതായും യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഹൈബി ഈഡന്‍ അറിയിച്ചു. തൃശൂര്‍ സ്വദേശി ഏജന്റ് ഷാജഹാനെതിരെ മുനമ്പം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.