നാല് കോടിയോളം രൂപ മുടക്കി; വീണ്ടും തകർന്നു ശംഖുമുഖം റോഡ്

നാല് കോടിയോളം രൂപ മുടക്കി നവീകരിച്ച ശംഖുമുഖം റോഡ് വീണ്ടും തകര്‍ന്നു. യാത്രക്ക് തുറന്ന് കൊടുത്ത് രണ്ട് മാസം മാത്രം തികയുമ്പോഴാണ് റോഡിന്റെ പലഭാഗങ്ങളും ഇടിഞ്ഞ് താഴ്ന്നതും കുഴികള്‍ രൂപപ്പെട്ടതും.  കുഴികള്‍ രൂപപ്പെട്ട് ഒരാഴ്ചയായിട്ടും പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കിയില്ലെന്നും അടിയന്തിരമായി ഇടപെട്ടില്ലങ്കില്‍ പൂര്‍ണമായും തകരുമെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. 

സര്‍ക്കാരും പൊതുമാരമത്ത് വകുപ്പും വലിയ നേട്ടമായി കൊട്ടിഘോഷിച്ചതാണ് ശംഖുമുഖം റോഡിന്റെ നവീകരണം. ജനപ്രതിനിധികളെല്ലാം എത്തി ആഘോഷത്തോടെയാണ് മാര്‍ച്ച് 14ന് റോഡ് തുറന്ന് കൊടുത്തത്.രണ്ട് മാസം തികയുമ്പോള്‍ റോഡിന്റെ അവസ്ഥ ഇതാണ്. ചില സ്ഥലങ്ങള്‍ ഇടിഞ്ഞ് താഴ്ന്നത് പോലെ കുഴികള്‍, ഒട്ടേറെയിടങ്ങളില്‍ വിള്ളലുകള്‍.ശംഖുമുഖം റോഡിലെ ദുരിതം തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. ഓഖിയും കടലാക്രമണവും മൂലം റോഡും തീരവും ഇടിഞ്ഞപ്പോള്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് നടന്ന് പോകാന്‍ പോലും വഴിയില്ലാതായി. അതിനെല്ലാം പരിഹാരമെന്ന നിലയില്‍ രണ്ട് വര്‍ഷത്തോളമെടുത്ത് നവീകരിച്ച റോഡാണ് ഉദ്ഘാടനത്തിന്റെ കഴിയും മുന്‍പെ തകരുന്നത്. PWD നിര്‍മിച്ച റോഡിന്റെ ബലക്ഷയവും ഓട റോഡിന്റെ വശങ്ങളില്‍ നിര്‍മാണം തുടരുന്നതുമാണ് തകരാന്‍ കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.