സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി സംസ്ഥാന തലത്തില്‍ മോണിറ്ററിങ് കമ്മിറ്റി

സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന തലത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. പരാതികള്‍ പ്രൊഡക്ഷന്‍ പൂർത്തിയായി മൂന്ന് മാസത്തിനകം ഉന്നയിച്ചില്ലെങ്കില്‍ പരിഗണിക്കേണ്ടതില്ലെന്ന് വനിതാ കമ്മിഷനും സിനിമാ സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ ധാരണയായി.  സിനിമാ മേഖലയിലുളളവർക്ക് പുറമേ സർക്കാർ പ്രതിനിധികളും കമ്മിറ്റിയിലുണ്ടാകും. 

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകളുമായി വനിതാ കമ്മിഷൻ സിറ്റിങ് നടത്തിയത്. സിനിമാ സെറ്റിൽ ആഭ്യന്തര പരാതി പരിഹാര  കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ച. ഓരോ പ്രൊഡക്ഷൻ യൂണിറ്റിലും പരാതി പരിഹാര സമിതികൾ രൂപീകരിക്കുന്നതിനു പുറമേ, സംസ്ഥാനതലത്തിൽ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും ഇന്നു ചേർന്ന ചർച്ചയിൽ ധാരണയായി. സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ ഈ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. 

സിനിമാ സെറ്റുകളില്‍ ആർക്കെങ്കിലും ഏതെങ്കിലും വിധ ത്തിലുള്ള ആക്ഷേപം ഉണ്ടെങ്കിൽ പ്രൊഡക്ഷൻ പൂർത്തിയായി 3 മാസത്തിനകം പരാതി നൽകണം. 3 മാസത്തിനു ശേഷം ഉയരുന്ന പരാതികൾ മുഖവിലക്ക് എടുക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷനും സിനിമാ സംഘടനകളും തമ്മിൽ നടന്ന ചർച്ചയില്‍ ധാരണയായി. ഓരോ പ്രൊഡക്ഷൻ യൂണിറ്റിലും പരാതി പരിഹാര സമിതികൾ എന്ന നിർദേശം എല്ലാ സിനിമാ സംഘടനകളും ഒരുപോലെ സ്വാഗതം ചെയ്തു. തീരുമാനം വൈകാതെ നടപ്പിലാക്കുമെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു.

പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളായിരിക്കും സംസ്ഥാന മോണിറ്ററിങ് സമിതി പരിഗണിക്കുക. തുടർ ചർച്ചകള്‍ക്ക് ശേഷമാകും സമിതിയുടെ  ഘടനയിലും മാർഗ്ഗരേഖയിലും അന്തിമതീരുമാനം.