ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍; സിനിമ സംഘടനകൾക്ക് ക്ഷണം

സിനിമ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങി സര്‍ക്കാര്‍. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. മേയ് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയിലേക്ക് സിനിമ രംഗത്തെ സംഘടനകളെ ക്ഷണിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് മാസങ്ങളായിട്ടും തുടര്‍ നടപടിയുണ്ടായിട്ടില്ല. ഇതിനെതിരെ വിവിധ സ്ത്രീസംഘടനകള്‍ പ്രതിഷേധം ഉന്നയിച്ചിരുന്നു. 

പരസ്യമാക്കുന്നതില്‍ നിയമതടസമുള്ള ഒട്ടേറെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും അതിനാല്‍ പ്രസിദ്ധീകരിക്കരുതെന്ന് നിയമോപദേശം ഉള്‌‍പ്പെടെയുണ്ടെന്നുമാണ് ഇതുവരെ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. ദേശീയ വനിത കമ്മീഷനും റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെല്ലാം ഒടുവിലാണ് സംഘടനകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.