സെറിഫെഡിലെ തൊഴിൽ തട്ടിപ്പ് അന്വേഷിക്കണം: ഹൈക്കോടതി

സെറിഫെഡിലെ തൊഴില്‍തട്ടിപ്പ് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സെറിഫെഡില്‍ അനധികൃതമായി നിയമിച്ച മുന്നൂറുപേരില്‍ 271 പേരെ സ‍ര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. സെറിഫെഡ് പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സെറിഫെഡില്‍ മുന്നൂറോളം പേരെ അനധികൃതമായി നിയമിച്ചതും പിഎസ്്സിയുടെ അനുമതിയില്ലാതെ ഇവരെ പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തിയതും വന്‍ തൊഴില്‍ കുംഭകോണമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഡയറക്ടര്‍ ബോര്‍ഡ് ആണ് ചട്ടവിരുദ്ധമായി മുന്നൂറോളം പേരെ നിയമിച്ചത്. സെറിഫെഡ് പ്രതിസന്ധിയിലായതോടെ ഇതില്‍ 271 പേരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പുനര്‍നിയമിച്ചു. പിഎസ്്സി നിയമനം കാത്ത് ഒട്ടേറെ പേര്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ ഒത്താശയോടെ പിന്‍വാതില്‍ നിയമനം നടത്തിയതെന്ന് കോടതി വിമര്‍ശിച്ചു. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി, നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജസ്റ്റിസ് നഗരേഷ് ഉത്തരവിട്ടു. താല്‍ക്കാലിക ഭരണസമിതി അധികാരദുര്‍വിനിയോഗം നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ബോര്‍ഡിന്‍റെ ദുര്‍ഭരണമാണ് സ്ഥാപനത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. സെറിഫെഡ് പുനരുജ്ജീവന നടപടികള്‍ അവസാനിപ്പിച്ചു കൊണ്ടുള്ള 2017ലെ സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. സെറിഫഡ് പുനരുജ്ജീവനത്തിനായുള്ള വിദഗ്ദസമിതിയിലേക്ക് കേന്ദ്ര സില്‍ക്ക് ബോര്‍ഡും സെറിഫെഡും ഹാന്‍ഡ്്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ഡയറക്ടറും പ്രതിനിധികളെ നിര്‍ദേശിക്കണമെന്നും കോടതി ഉത്തരവിട്ടു. സെറിഫെഡിന്‍റെ പുനരുജ്ജീവനം സംബന്ധിച്ച് നാലു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സെറിഫെഡ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്