വട്ടപ്പാട്ടും വഴങ്ങും വളയിട്ട കൈകളിൽ; വേദികളെ ഇളക്കിമറിക്കാൻ ഇശൽതേൻ കണം

കാലങ്ങളായി പുരുഷന്‍മാര്‍ കൈവശപ്പെടുത്തി വച്ച വട്ടപ്പാട്ടിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഒരു കൂട്ടം വീട്ടമ്മമാര്‍ രംഗത്ത്. മലപ്പുറത്തെ സര്‍ഗം കലാവേദി മുന്‍കയ്യെടുത്ത് കൂട്ടിലങ്ങാടി ഗസല്‍ മാപ്പിളപഠന കേന്ദ്രത്തിന്‍റെ സഹായത്തോടെയാണ് വീട്ടമ്മമാരുടെ വട്ടപ്പാട്ടുസംഘമെത്തുന്നത്.പുരുഷന്‍മാര്‍ മാത്രം  പാടിക്കൊണ്ടിരുന്ന വട്ടപ്പാട്ട് വളയിട്ട കൈകളുടേത് കൂടിയാണന്ന് പ്രഖ്യാപിക്കുകയായാണ് മലപ്പുറത്തെ വീട്ടമ്മമാര്‍. വട്ടപ്പാട്ടുമായി വേദികളില്‍ സജീവമാകാന്‍ തന്നെയാണ് ഇശല്‍തേന്‍ കണമെന്ന ട്രൂപ്പിന്‍റെ വരവ്. മുന്‍പ് വിവാഹ വീടുകളില്‍ വരനും വധുവിനുമൊപ്പം വട്ടം കൂടിനിന്ന് പാടുന്നതായിരുന്നു വട്ടപ്പാട്ട്. പിന്നീട് പുരുഷന്‍മാരുടെ മാത്രം കലയായി ചുരുങ്ങി. പ്രായം അടക്കമുളള അതിര്‍വരമ്പുകള്‍ ഒന്നുമില്ലാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഗീതത്തെ ഇഷ്ടപ്പെടുന്ന വീട്ടമ്മമാരാണ് ട്രൂപ്പിലുളളത്.

കോവിഡ് കാലമാണങ്കില്‍ പോലും വനിത ട്രൂപ്പിന്‍റെ വരവ് അറിഞ്ഞതോടെ കേരളത്തിനു പുറത്തു നിന്നു പോലും പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം വന്നു തുടങ്ങിയിട്ടുണ്ട്. ട്രൂപ്പ് സ്ത്രീകളുടേതാണങ്കിലും പരിശീലനത്തിനും പിന്നണിയിലുമെല്ലാം  കരുത്തായി പുരുഷന്‍മാരും കൂടെയുണ്ട്.