മൂന്നു മണിക്കൂർ നാടിനെ വിറപ്പിച്ച് കൊമ്പൻ; കണ്ണിൽ കണ്ടതെല്ലാം തകർത്തു

വാല്‍പാറയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കൊമ്പന്‍ മൂന്ന് മണിക്കൂറിലധികം നാട്ടുകാരെ വിറപ്പിച്ചു. വിളകള്‍ നശിപ്പിച്ചതിനൊപ്പം കോ ഓപ്പറേറ്റീവ് കോളനിയോട് ചേര്‍ന്നുള്ള തൊഴിലാളികളുടെ ലയങ്ങളും തകര്‍ത്തു. ഏറെ നേരം പണിപ്പെട്ടാണ് വനപാലകസംഘം കൊമ്പനെ കാടുകയറ്റിയത്. 

വാല്‍പാറയിലും പരിസരത്തും രാപകല്‍ വ്യത്യാസമില്ലാതെ ഈ കാഴ്ച പതിവായി മാറിയിട്ടുണ്ട്. പത്ത് ദിവസത്തിനിെട അ‍ഞ്ചാം തവണയാണ് ഒറ്റയാന്‍ ജനവാസമേഖലയിലിറങ്ങിയത്. തെങ്ങും കവുങ്ങും പനയും ചേനയും ചേമ്പും ഉള്‍പ്പെടെ സകലതും നശിപ്പിച്ച് മടങ്ങുന്ന രീതിക്ക് കഴിഞ്ഞദിവസവും മാറ്റമുണ്ടായില്ല. കോ ഓപ്പറേറ്റീവ് കോളനിയില്‍ രാവിലെയെത്തിയ കൊമ്പന്‍ സകലതും കുത്തി നശിപ്പിച്ചു. നടുമല എസ്റ്റേറ്റില്‍ നിന്നുള്ള വരവില്‍ കൊമ്പന് സംരക്ഷണഭിത്തി കടന്ന് മുന്നോട്ട് നീങ്ങാനാകാത്തതിനാല്‍ കൂടുതല്‍ നാശമുണ്ടായില്ല. സ്ഥലത്തെത്തിയ റേഞ്ച് ഓഫിസര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് കൊമ്പനെ കാടുകയറ്റിയത്. വൈകുന്നേരമായാല്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളോട് ചേര്‍ന്ന് കാട്ടാനയും പന്നിയും കരടിയും പതിവാണ്. നഗരത്തിലുള്‍പ്പെടെ പുലിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതും ആശങ്ക കൂട്ടുന്നതായി നാട്ടുകാര്‍. നാല് മാസത്തിനിടെ മൂന്നുപേരെ കരടി ആക്രമിക്കുന്ന സാഹചര്യവുമുണ്ടായി.