തേയിലത്തോട്ടത്തിലും നടുറോഡിലും കാട്ടാനക്കൂട്ടം; വാൽപാറയിൽ മുന്നറിയിപ്പ്

വാല്‍പാറയില്‍ വീണ്ടും ആശങ്ക നിറച്ച് കാട്ടാനക്കൂട്ടം. ആക്കാമല മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം ഏക്കര്‍ക്കണക്കിന് കൃഷി നശിപ്പിച്ചു. പകല്‍സമയത്തും റോഡില്‍ നിലയുറപ്പിക്കുന്ന ആനക്കൂട്ടം പലപ്പോഴും സഞ്ചാരികളുടെ യാത്രയും തടസപ്പെടുത്താറുണ്ട്. 

ആക്കാമല തേയിലത്തോട്ടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഏക്കര്‍ക്കണക്കിന് തേയിലത്തോട്ടം ചവിട്ടിയൊടിച്ചു. പിന്നാലെ സമീപത്തെ ജനവാസമേഖലയിലേക്ക്. മൂപ്പെത്തിയ നൂറുകണക്കിന് വാഴകള്‍ നശിപ്പിച്ചു. ശബ്ദം കേട്ട് തോട്ടം തൊഴിലാളികള്‍ പുറത്തിറങ്ങുമ്പോള്‍ മുന്നില്‍ കാട്ടാനക്കൂട്ടം. ബഹളം വച്ചും പാട്ട കൊട്ടിയും ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് വനപാലകരെത്തി ആനയെ തുരത്താന്‍ നാട്ടുകാരെ സഹായിച്ചത്. ആക്കാമല തേയില തോട്ടത്തില്‍ നിന്ന് മാറിയ ആനക്കൂട്ടം സമീപത്തെ മറ്റൊരു തോട്ടത്തിലും നിലയുറപ്പിച്ചു. വാല്‍പാറയിലെത്തുന്ന വിനോദസഞ്ചാരികളുടെ മുന്നിലേക്കും കാട്ടാനക്കൂട്ടം പകല്‍സമയത്തും പ്രത്യക്ഷപ്പെടുന്നത് പതിവായിട്ടുണ്ട്. കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. സ്വയം ജാഗ്രത പാലിച്ച് വാല്‍പാറയിലെത്തണമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.