റോഡ് ആടിക്കടക്കാം; വണ്ടിയിടിക്കില്ല; സിംഹവാലൻ കുരങ്ങുകൾക്ക് ആകാശ ഉൗഞ്ഞാൽ

വാൽപാറ -പൊള്ളാച്ചി റോഡിൽ പുതുതോട്ടം എസ്റ്റേറ്റിൽ സിംഹവാലൻ കുരങ്ങുകളുടെ സുരക്ഷയ്ക്കായി ആകാശ ഉൗഞ്ഞാൽ. സഞ്ചാരികൾ ഭക്ഷണം വലിച്ചെറിഞ്ഞു കൊടുക്കുന്നതു പതിവായതിനെ തുടർന്നു റോഡിലൂടെ വാഹനങ്ങൾ വരുമ്പോൾ കുരങ്ങുകൾ അടുത്തേക്ക് ഓടിച്ചെല്ലുന്നതും അപകടത്തിൽപെടുന്നതും പതിവാണ്.

ഇതുകാരണം ഇവയ്ക്കു ഭക്ഷണം കൊടുക്കുന്നതും സെൽഫി എടുക്കുന്നതും വനം വകുപ്പ് നിരോധിച്ചിരിക്കുകയാണ്. കുരങ്ങുകൾക്കു വാഹനങ്ങളുടെ ഭീഷണിയില്ലാതെ റോഡ് കുറുകെ കടക്കാനാണ് ഉയരത്തിൽ ആകാശ ഊഞ്ഞാൽ സ്ഥാപിക്കുന്നത്. ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെ പുതുതോട്ടം, കുരങ്ങുമുടി എന്നീ സ്ഥലങ്ങളിലെ കാടുകളിൽ ഉള്ള കുരങ്ങുകളെ പ്രത്യേക സജ്ജീകരണങ്ങളോടെയാണു വനം വകുപ്പ് സംരക്ഷിച്ചു വരുന്നത്.