തേയില തോട്ടം പൂട്ടാൻ നീക്കം; 700 തൊഴിലാളികൾ പ്രതിസന്ധിയിൽ

വാൽപാറ സിങ്കോണയിലെ സർക്കാർ തേയില തോട്ടം അടച്ച് പൂട്ടാനുള്ള നീക്കത്തിനെതിരെ തൊഴിലാളികള്‍. നഷ്ടമെന്ന കാരണം നിരത്തി തോട്ടം വനംവകുപ്പിനെ ഏല്‍പ്പിക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം. വന്യമൃഗങ്ങളുടെ ഭീഷണി മറികടന്നും വര്‍ഷങ്ങളായി ജോലിയിലുള്ള എഴുന്നൂറിലധികം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. 

നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡിഎംകെ സർക്കാർ രൂപീകരിച്ചതാണ് ഈ തോട്ടം. സിങ്കോണ, പെരിയകല്ലാർ, ചിന്നക്കല്ലാർ, റയാൻ എന്നീ ഡിവിഷനുകളിലെ എഴുന്നൂറോളം ഏക്കറിലാണ് തേയില വ്യവസായം തുടങ്ങിയത്. എഴുന്നൂറിലധികം തൊഴിലാളികളാണ് ഇവിടെ ജോലിയിലുള്ളത്. 

സ്വകാര്യ തേയിലത്തോട്ടത്തിലെ തൊഴിലാളികളുമായി താരതമ്യപ്പെടുത്തിയാല്‍ പലര്‍ക്കും മൂന്നിലൊന്ന് തുകയാണ് ശമ്പളം. ആനുകൂല്യങ്ങള്‍ പലതും നിഷേധിച്ചിട്ടും പ്രതികരിക്കാതിരുന്ന തൊഴിലാളികള്‍ ആകെയുള്ള വരുമാനം കൂടി നിലയ്ക്കുന്നതിന്റെ നിരാശയിലാണ്. 50 വയസിന് താഴെയുള്ളവർ കൂനൂരിലേക്ക് മാറണമെന്നും ബാക്കിയുള്ളവർക്ക് 58 വയസ്സ് വരെയുള്ള ആനുകൂല്യങ്ങൾ വാങ്ങി വിരമിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ കൈവിടില്ലെന്ന് കരുതിയാണ് തൊഴിലാളികളില്‍ പലരും വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയമായിട്ടും പിന്‍മാറാതെ തേയില നുള്ളാനെത്തിയിരുന്നത്.

കുറച്ച് വര്‍ഷങ്ങളായി തേയിലത്തോട്ടം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതാണ് തൊഴിലാളികളെ പുനര്‍ വിന്യസിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. അംഗീകരിക്കില്ലെന്നും തൊഴിലാളികളുടെ കൂടെയുണ്ടാകുമെന്നും ജനപ്രതിനിധികളും വ്യക്തമാക്കുന്നു. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് തീരുമാനം പിന്‍വലിപ്പിക്കുന്നതിനാണ് തൊഴിലാളികളുടെ ശ്രമം.