അധ്യാപകരുമായുള്ള സംഘർഷം; നീതി ലഭിച്ചില്ലെന്ന പരാതിയുമായി എസ്എഫ്ഐ

മലപ്പുറം പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹയര്‍സെക്കണ്ടറി സ്കൂളില്‍  എസ്.എഫ്.ഐ പ്രവര്‍ത്തകരും അധ്യാപകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന പരാതിയുമായി എസ്.എഫ്.ഐ. എന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി ആക്രമണം നടത്തിയെന്നാണ് സ്കൂളിന്‍റെ വിശദീകരണം. 

പഠിപ്പു മുടക്കിന് മുന്‍കയ്യെടുത്ത വിദ്യാര്‍ഥിക്കെതിരെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് സ്കൂളിലെത്തിയ എസ്.എഫ്.ഐ നേതാക്കള്‍ ആക്രമിച്ചെന്നാണ് പ്രധാന അധ്യാപികയുടേയും അധ്യാപകരുടേയും പരാതി. സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചിട്ടില്ലെന്നും പറഞ്ഞു. 3 അധ്യാപകര്‍ക്ക് പരുക്കേറ്റു. ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.എന്നാല്‍ ഒാഫീസിലെത്തിയ വിദ്യാര്‍ഥികളെ മുറി അടച്ച ശേഷം അധ്യാപകര്‍ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐ നേതാക്കളുടെ പരാതി. ഏരിയ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവുമായ നിധിന്‍റെ ഇടതുകൈ ഒടിഞ്ഞു. വിദ്യാര്‍ഥികളെ ഒാഫീസില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വീണു പരുക്ക് പറ്റിയെന്നാണ് സ്കൂളിന്‍റെ വിശദീകരണം. പൊലീസ് കേസെടുത്തതിലും വിദ്യാര്‍ഥികളോട് ചേരിതിരിവ് കാട്ടി എന്നാരോപിച്ചും എസ്.എഫ്.ഐ പ്രതിഷേധത്തിലാണ്.