ഭരണത്തിൽ പാർട്ടി ഇടപെടേണ്ടെന്ന് മുഖ്യമന്ത്രി; സർക്കാർ പരാജയമെന്ന് സിപിഎം സമ്മേളനം

സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ രണ്ടാം ദിവസവും സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫിസിനും നിശിത വിമർശനം. രണ്ടാം പിണറായി സർക്കാർ പരാജയമാണെന്നാണ് മുഖ്യ വിമർശനം. ഭരണത്തിൽ പാർട്ടി ഇടപെടൽ വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിനിധികൾ രംഗത്തെത്തി. മന്ത്രിമാരുടെ ഓഫിസുകൾ നിർജീവമാണെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ വിമർശിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെയും വ്യവസായ മന്ത്രി പി. രാജീവിൻ്റെയും ഓഫിസുകൾക്കെതിരെ വിമർശനമുയർന്നപ്പോൾ മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനം ലഭിച്ചു. പൊതുചർച്ചയിലെ വിമർശനങ്ങൾക്ക് ഇപ്പോൾ നേതൃത്വം മറുപടി പറയുകയാണ്.

  രണ്ടു ദിവസമായി അഞ്ചര മണിക്കൂർ നീണ്ട പൊതുചർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് മുതൽ വിമർശന വിധേയമായി. പൊലീസിനെതിരെ രൂക്ഷ വിമർശനമുയർന്നപ്പോൾ ഭരണത്തിന് വേഗം പോരെന്നും രണ്ടാം പിണറായി സർക്കാർ പരാജയമാണെന്നുമുള്ള വിമർശനം വ്യാപകമായിരുന്നു.  മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിൻ്റെ ഓഫിസിനെതിരെ പ്രതിനിധികൾ ആഞ്ഞടിച്ചു. എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ അതുപോലുമില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് പരാജയമാണ്.   സാധാരണ പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ എന്ന് മനസിലാക്കണമെന്നാണ് ഒരു പ്രതിനിധി തുറന്നടിച്ചത്.  ഒന്നാം പിണറായി സർക്കാരിൻ്റെ വേഗം ഇപ്പോഴില്ലെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ വിമർശിച്ചു. തിരു.കോർപറേഷൻ SCST ഫണ്ട് തട്ടിപ്പിൽ അന്വേഷണം വേണമെന്നും പ്രശാന്ത് പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ കയറാനാവാത്ത സ്ഥിതിയാണെന്നും വ്യവസായ മന്ത്രിയുടെ ഓഫിസ് പ്രമാണിമാരുടെ കേന്ദ്രമാണെന്നും വിമർശനമുയർന്നു. ദേശീയ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുന്നതല്ലാതെ ആരോഗ്യ വകുപ്പിനെ കൊണ്ട് പാവങ്ങൾക്ക് പ്രയോജനമില്ല എന്ന് കോവളത്തു നിന്നുള്ള പ്രതിനിധി വിമർശിച്ചു. എന്നാൽ മന്ത്രി മുഹമ്മദ് റിയാസിനെ നെയ്യാറ്റിൻകരയിൽ നിന്നുള്ള പ്രതിനിധി ബാലമുരളി പുകഴ്ത്തി. ചെറിയ കാര്യങ്ങളിൽ പോലും നേരിട്ട് ഇടപെടുന്ന മന്ത്രി ഡി.വൈ.എഫ്.ഐ ക്ക് ലഭിച്ച അംഗീകാരമാണെന്നായിരുന്നു പ്രശംസ. വനിതാ സംവരണത്തിന് വാദിക്കുന്ന സി.പി.എമ്മിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ നേരിടുന്ന വെല്ലുവിളി കിളിമാനൂരിൽ നിന്നുള്ള വനിതാ സഖാവ് തുറന്നടിച്ചു. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളർത്തുന്ന സ്ഥിതിയുണ്ട്. നേതാക്കന്മാരുടെ വീടുകളിൽ നിന് പാർട്ടി പരിപാടികൾക്കായി സ്ത്രീകളെ വിടുന്നില്ലെന്നും വനിതാ പ്രതിനിധി വിമർശിച്ചു.