സിൽവർ ലൈന് അനുമതി; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; വിമർശിച്ച് പ്രതിപക്ഷം

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചക്കും പരിസ്ഥിതി സംരക്ഷണത്തിനും പദ്ധതി സഹായകമാണെന്നും കത്തിലുണ്ട്. ഇതേസമയം മുല്ലപ്പെരിയാര്‍ ആശങ്ക പരിഹരിക്കാതെ സില്‍വര്‍ലൈന്‍ പദ്ധതിക്കുപിന്നാലെ പോകുകയാണ് സംസ്ഥാനസര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യാപക എതിര്‍പ്പുയരുന്നതിനിടെയാണ് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചത്. പദ്ധതിക്ക് അന്തിമ അനുമതി ഉടന്‍ലഭ്യമാക്കണമെന്നാണ് കത്തിലെ മുഖ്യ ആവശ്യം.  ഭൂമി ഏറ്റെടുക്കുന്നതിനുള്ള 13,700 കോടി സംസ്ഥാനം വഹിക്കും. വായ്പഎടുക്കുന്നതിനുള്ള ഗ്യാരന്‍റി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഒാഹരി ഉടമകള്‍ക്ക് 13.55 ശതമാനം ലാഭം ലഭിക്കുന്ന പദ്ധതി ലാഭകരമാണെന്നും മുഖ്യമന്ത്രി വിശദീരിക്കുന്നു. ഇതേസമയം സില്‍വര്‍ലൈന്‍ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇത്രവലിയ പദ്ധതി വരുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ പദ്ധതി നടപ്പിലാക്കൂ. ഇടതുമുന്നണി പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിതെന്നും കാനം പറഞ്ഞു.

എങ്ങനെയും സില്‍വര്‍ലൈന്‍ നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാരിന്‍റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചതിനെക്കുറിച്ച് വി.ഡി.സതീശന്‍ പ്രതികരിച്ചു.

അനുമതി ലഭിക്കുന്നതിന് മുമ്പ് ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിക്കുന്നെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.