ഹോൺ അടിയ്ക്കരുത് പ്ലീസ്..; അനുസരിച്ചവർക്ക് പൊലീസ് വക മധുരം

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഹോണ്‍ അടിയ്ക്കാത്തവര്‍ക്ക് പൊലീസിന്റെ വക മധുരം. സ്വരാജ് റൗണ്ട് നോ ഹോണ്‍ മേഖലയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, വണ്ടിക്കാര്‍ക്ക് മധുരവുമായി പൊലീസ് എത്തിയത്. 

ഡിസംബര്‍ ഒന്നു മുതല്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഹോണടി നിരോധിച്ചു. കേന്ദ്ര വായുമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നിയന്ത്രണം. ആരാധാനാലയങ്ങളും വിദ്യാലയങ്ങളും ഉള്‍പ്പെടുന്ന മേഖലയില്‍ ഹോണ്‍ നിരോധിക്കണമെന്നാണ് നിര്‍ദ്ദേശം. അങ്ങനെയാണ്, സ്വരാജ് റൗണ്ട് തിരഞ്ഞെടുത്തത്. നഗരത്തില്‍ എല്ലായിടത്തും പൊലീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ഹോണടിയ്ക്ക് കുറവുമില്ല. പെട്ടെന്ന് ഹോണടി നിര്‍ത്താന്‍ കഴിയില്ലെന്ന് പൊലീസിനും അറിയാം. അതുക്കൊണ്ട്, ബോധവല്‍ക്കരണം വ്യാപകമായി നടത്താനാണ് തീരുമാനം. ഇരുപത്തിരണ്ടായിരം മുതല്‍ മുപ്പതിനായിരം വരെ വാഹനങ്ങള്‍ പ്രതിദിനം സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്നുണ്ട്. സിഗ്നല്‍ പോയന്റുകളില്‍ പൊലീസ് നിന്ന് ബോധവല്‍ക്കരണം നടത്തുകയാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഇറക്കിയാണ ്ബോധവല്‍ക്കരണം. ഹോണടിക്കാതെ സിഗ്നല്‍ പോയന്റില്‍ നില്‍ക്കുന്ന വാഹനങ്ങള്‍ക്ക് കമ്മിഷണര്‍ ആര്‍.ആദിത്യ മിഠായി സമ്മാനിച്ചു. അടുത്ത ഘട്ടത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കും.