കോവിഡ് ഇല്ലാതാക്കിയ രണ്ടു കളിയാട്ട കാലങ്ങൾ; ഇനി പ്രതീക്ഷയുടെ പൊൻവെളിച്ചം

കോവിഡ് കാരണം രണ്ടു കളിയാട്ട കാലങ്ങളാണ് തെയ്യം കലാകാരന്‍മാര്‍ക്ക് നഷ്ടമായത്. കളിയാട്ടങ്ങള്‍ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയോടെ തയ്യാറെടുക്കുകയാണ് തെയ്യം കലാകാരന്‍മാര്‍.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവങ്ങള്‍ നടത്താന്‍ അനുമതി ലഭിച്ചതോടെയാണ് തെയ്യങ്ങള്‍ വീണ്ടും സജീവമാകുന്നത്. തെയ്യം കലാകാരന്‍മാര്‍ക്ക് സന്തോഷവും ആശ്വാസവുമാണ് ഈ കളിയാട്ട കാലം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷവും കളിയാട്ടങ്ങളും ഉത്സവങ്ങളും മുടങ്ങി. ഇതോടെ തെയ്യം കെട്ടിയാടുന്നത് മാത്രം ഉപജീവന മാര്‍ഗമാക്കിയ നിരവധിപേരുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. കോവിഡ് കുറഞ്ഞുവരികയും ഉത്സവങ്ങള്‍ സജീവമാവുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണിവര്‍. രണ്ടു വര്‍ഷമായി ഉപയോഗിക്കാത്തതിനാല്‍ അണിയലങ്ങള്‍ പലതും നശിച്ചു. ഇത് വീണ്ടും ഒരുക്കിയെടുക്കേണ്ടതുണ്ട്. തെയ്യം കെട്ടിയാടുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് തെയ്യം കലാകാരന്‍മാര്‍.