സൈബര്‍ പാര്‍ക്കിലെ 17 സ്റ്റാര്‍ട്ട് അപ് കമ്പനികളെ ഒഴിപ്പിക്കുന്നു; പ്രതിസന്ധി

കോഴിക്കോട്ടെ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലെ പതിനേഴ് സ്റ്റാര്‍ട്ട് അപ് കമ്പനികളെ സ്റ്റാര്‍ട്ട് അപ് മിഷന്‍ ഒഴിപ്പിക്കുന്നു. ഇവര്‍ പ്രവര്‍ത്തിച്ചിരുന്ന ഒാഫീസ് പൂട്ടിയതിന് പുറമെ ഇവിടേക്കുള്ള വൈദ്യുതി കണക്ഷനും വിഛേദിച്ചു. സമീപത്തെ സ്വകാര്യ സൈബര്‍ പാര്‍ക്കിലേക്ക് മാറണമെന്നാണ് നിര്‍ദേശം .

പ്രോഡക്ഷന്‍, സര്‍വീസ് കാറ്റഗറികളിലായി പ്രവര്‍ത്തിക്കുന്ന 33 കമ്പനികളെ ഒഴിപ്പിക്കാനാണ് സ്റ്റാര്‍ട്ട് അപ് മിഷന്റ തീരുമാനം.ആദ്യഘട്ടത്തില്‍ 17 എണ്ണത്തിന് നോട്ടീസ് നല്‍കിയെങ്കിലും ഒഴിയാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം ഇവര്‍ ജോലി ചെയ്തിരുന്ന മുറികള്‍ പൂട്ടുകയും ഇവിടേക്കുള്ള വൈദ്യുതി വിഛേദിക്കുകയും ചെയ്തത്. അതേ കെട്ടിടത്തിന്റ  താഴത്തെ നിലയില്‍ മറ്റ് കമ്പനികള്‍ക്കൊപ്പമിരുന്നാണ് ഇപ്പോള്‍ ഇവര്‍ ജോലി ചെയ്യുന്നത് കോവിഡ് കാരണം പ്രതിസന്ധിയിലായ സ്റ്റാര്‍ട്ട് അപ് കമ്പനികളില്‍ നിന്ന് ഒരു വര്‍ഷത്തിലേറെയായി സൈബര്‍പാര്‍ക്ക് അധികൃതര്‍ വാടക വാങ്ങുന്നില്ല. 

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ വന്‍തുക വാടക കൊടുത്ത് സ്വകാര്യ സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുകയെന്നത് പല കമ്പനികള്‍ക്കും പ്രായോഗികമല്ല. ബലമായി ഇറക്കി വിടുന്നത് ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെക്കൂടി അകറ്റുമെന്നാണ് കമ്പനികളുടെ വാദം. അതേസമയം കൂടുതല്‍ സൗകര്യമുള്ളിടത്തേക്ക് മാറാനാണ് നിര്‍ദേശിച്ചതെന്നാണ് സ്റ്റാര്‍ട്ട് അപ് മിഷന്റ വിശദീകരണം .