നിപ, ഉറവിടം ഇന്നും അജ്‌‍ഞാതം; സാധാരണ ജീവിതത്തിലേക്ക് മടങ്ങി പാഴൂർ

നിപ സ്ഥിരീകരിച്ച കോഴിക്കോട്ടെ പാഴൂര്‍ ഗ്രാമം വീണ്ടും സാധാരണ ജീവിതത്തിലേക്ക്. നിയന്ത്രണങ്ങളെല്ലാം പൂര്‍ണമായും നീക്കിയെങ്കിലും നിപയുടെ ഉറവിടം കണ്ടെത്താത്തതിനാല്‍ പലരുടേയും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. പഴം തീനി വവ്വാലുകളുടെ സ്രവഫലം മാത്രമാണ് ഇനിയും വരാനുള്ളത്. 

ഇടവഴികള്‍ പോലും കെട്ടിയടയ്ക്കപ്പെട്ട ദിവസങ്ങള്‍, വീടിന് പുറത്തേക്ക് പോലും ഇറങ്ങാനാകാത്ത അവസ്ഥ. ഭീതിയുടെ ആഴം കൂട്ടി ആരോഗ്യപ്രവര്‍ത്തകരും പൊലീസും നിരത്തുകളില്‍ തലങ്ങും വിലങ്ങും പാഞ്ഞു. മറ്റാര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുമോയെന്ന പേടിയായിരുന്നു എല്ലാവര്‍ക്കും. സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്നവരെല്ലാം നെഗറ്റീവായതോടെ നിയന്ത്രണം നീക്കി. ഇതോടെ നീണ്ട ഇരുപത് ദിവസങ്ങള്‍ക്കൊടുവില്‍ പാഴൂര്‍ സാധാരണ നിലയിലായി. 

നിപയുടെ ഉറവിടം കണ്ടെത്താത്തതിനാല്‍ ഭീതി പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ആളുകള്‍ ഇപ്പോഴും പാഴൂരിലേക്ക് വരാന്‍ പേടിക്കുന്നു. നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റ വീട് ഇപ്പോഴും അടഞ്ഞുകിടക്കുന്നു. ഏകമകനെ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തി കഴിയുന്ന ബാപ്പയും ഉമ്മയും ഇപ്പോഴും ബന്ധുവീട്ടിലാണ്. ഷെഡില്‍ ഹാഷിമിന്റ ചുവന്ന സൈക്കിള്‍, മുറ്റത്ത് താലോലിച്ച് വളര്‍ത്തിയ ആട്. പുണെ വേറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ പിടികൂടിയ പഴംതീനി വവ്വാലുകളുടെ സ്രവഫലം മാത്രമാണ് ഇനി വരാനുള്ളത്. അതും നെഗറ്റീവായാല്‍ നിപയുടെ രണ്ടാം വരവിന്റ ഉറവിടം അജ്ഞാതമായി തുടരും