ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് പോസ്റ്റ് ഒടിഞ്ഞുവീണു; പരുക്ക്

ഇടുക്കി നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണ് രണ്ടുപേര്‍ക്ക്  പരുക്ക്. മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്നും നാളെയും ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മീന്‍ പിടിക്കുന്നതിനിടെ ഇടുക്കി കുളമാവ് ഡാമില്‍ കാണാതായ സഹോദരങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഓട്ടോ ഡ്രൈവറായ പാറത്തോട് സ്വദേശി മഥന്‍ കുമാര്‍, നെടുങ്കണ്ടം സ്വദേശിയായ യാത്രക്കാരന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.  ഇരുവരും നെടുങ്കണ്ടത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. റോഡിനോട് ചേര്‍ന്ന് നിന്നിരുന്ന മരം കടപുഴകി വൈദ്യുത ലൈനിലേക്ക് വീണതിനെ തുടര്‍ന്ന് പോസ്റ്റ് ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളില്‍ പതിക്കുകയായിരുന്നു. മരം റോഡിന് കുറുകെ പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ച് മാറ്റിയത്. 

മഴയിലും കാറ്റിലും കരുണാപുരം, സേനാപതി, ഉടുമ്പന്‍ചോല, ശാന്തന്‍പ്പാറ പഞ്ചായത്തുകളില്‍ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. വീടിന് അപകടഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍,‍ ജലാശയത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍, മലയോര മേഖലകളിലൂടെ യാത്ര ചെയ്യുന്നവര്‍ എല്ലാം ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു. ദുരന്തനിവാരണ സേന ജില്ലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.