‘എടാ, അവനെ വിടരുത്’, ഫോൺ വഴി സന്ദേശം; പ്രതിയെ കുടുക്കിയത് ജൗഹറിന്റെ മിടുക്ക്

ഏലംകുളം: ‘എടാ, ഇവിടെ ഒരു പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി ഒരുത്തൻ കടന്നുകളഞ്ഞിട്ടുണ്ട്. നിന്റെ ഓട്ടോയിലുള്ള ആളാണോയെന്ന് സംശയമുണ്ട്. അവനെ വിടരുത്’ അപരിചിതനുമായി പെരിന്തൽമണ്ണയിലേക്ക് ഓട്ടം പോകുകയായിരുന്ന പാലത്തോൾ നാലുകണ്ടത്തിൽ ജൗഹറിന് (34) ഫോൺ വഴി സുഹൃത്ത് നൽകിയ ഈ സന്ദേശമാണ് ഇന്നലെ കൂഴന്തറയിലെ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവായത്

ഈ സാഹചര്യം സമചിത്തതയോടെയും ധൈര്യത്തോടെയും നേരിട്ട ജൗഹർ ആണ് പ്രതിയെ പിടികൂടുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ജൗഹർ ഇന്നലെ രാവിലെ വീടിനു സമീപം ഓട്ടോറിക്ഷ കഴുകുമ്പോഴാണ് മേലാകെ നനഞ്ഞ് രക്തവുമായി ഒരാൾ എത്തിയത്. കുന്നക്കാവിൽ ഒരു ബൈക്ക് അപകടം നടന്നുവെന്നും അൽപം വേഗത്തിലാണ് ഓടിച്ചിരുന്നതെന്നതിനാൽ ആളുകൾ ഉപദ്രവിക്കുമോയെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടതാണെന്നുമാണ് പറഞ്ഞത്.

തലയ്ക്ക് പരുക്കേറ്റ സുഹൃത്തിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ടെന്നും തനിക്ക് പൊലീസ് സ്‌റ്റേഷനിൽ പോകാൻ റോഡിൽ ഇറക്കി വിട്ടാൽ മതിയെന്നുമാണ് ഇയാൾ പറഞ്ഞത്. യുവാവിന്റെ സംസാരത്തിലും പെരുമാറ്റത്തിലും പന്തികേട് തോന്നിയെങ്കിലും എങ്ങാനും സത്യമാണെങ്കിലോയെന്ന് കരുതി ഓട്ടോയെടുക്കുകയായിരുന്നെന്ന് ജൗഹർ പറഞ്ഞു. ഇവിടെ വച്ച് കണ്ട തന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞ ശേഷമാണ് പുറപ്പെട്ടത്.

ഓട്ടോയിൽ വച്ച് പല കാര്യങ്ങളും ചോദിച്ചെങ്കിലും യുവാവ് പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്ന് ജൗഹർ പറയുന്നു. ഇതിനിടെയാണ് യുവതിയെ കുത്തിയ സംഭവമറിഞ്ഞ സുഹൃത്തുക്കൾ വിവരം ജൗഹറിനെ ഫോണിൽ വിളിച്ചറിയിച്ചത്. ഇതോടെ യുവാവിന് സംശയം തോന്നാതിരിക്കുന്നതിലായി ശ്രദ്ധ. പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ റോഡിലേക്ക് കയറിയപ്പോൾ യുവാവ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ജൗഹർ ഗൗനിച്ചില്ല.

സ്‌റ്റേഷനു മുന്നിലെത്തിയപ്പോൾ വഴിയിൽ മറ്റൊരു സുഹൃത്തിനെ കണ്ടതോടെ ജൗഹറിന് ആശ്വാസമായി. യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചാൽ പിടിക്കണമെന്നു പറഞ്ഞ് ഓട്ടോ നിർത്തി. പിന്നീട് ഇരുവരും ചേർന്ന് പ്രതിയെ പിടിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി പൊലീസിന് കൈമാറുകയായിരുന്നു. 15 വർഷത്തോളമായി ജൗഹർ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയിട്ട്.