ടാറിങ് പൂർത്തിയാക്കിയിട്ട് 2 മാസം; പൊട്ടിപ്പൊളിഞ്ഞ് റോഡ്; അനാസ്ഥ

രണ്ടു മാസം മുമ്പ് ടാറിങ് പൂര്‍ത്തിയാക്കിയ കണ്ണൂരിലെ കൂനം – കണ്ണാടിപ്പാറ റോഡ് തകര്‍ന്നു. റോഡു നിര്‍മാണത്തില്‍ ഉദ്യോഗസ്ഥരടക്കം അനാസ്ഥ കാണിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലാണ് ടാറിങ്ങ് ഇളകിത്തുടങ്ങിയത്. പല സ്ഥലങ്ങളിലും വിള്ളലുകള്‍ രൂപപ്പെട്ടു. കുറുമാത്തൂരില്‍ നിന്നും കണ്ണാടിപ്പാറ വരെ പന്ത്രണ്ട് കിലോമീറ്ററാണ് ടാറിങ് നടത്തിയത്. അതില്‍ ഏഴു കിലോമീറ്ററോളം ദൂരത്തില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. നേരത്തെ കരാറെടുത്തയാള്‍ നിര്‍മാണപ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് പുതിയ കരാറുകാരന്‍ രണ്ടു മാസം മുമ്പ് ടാറിങ് പൂര്‍ത്തിയാക്കിയത്. അശാസ്ത്രീയമായ നിര്‍മാണവും അഴിമതിയും അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു

കാലവര്‍ഷം ശക്തമാകുന്നതോടെ റോഡ് പൂര്‍ണമായും തകരുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും. അപകടങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്