'ഫയലുകള്‍ മരിച്ച രേഖകളാവരുത്..': വീണ്ടും ഒാർമപ്പെടുത്തി മുഖ്യമന്ത്രി

ഫയലുകള്‍ മരിച്ച രേഖകളാവരുതെന്നും തുടിക്കുന്ന ജീവിതമാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് കഴിഞ്ഞ സര്‍ക്കാരിന്‍റെ തുടക്കത്തില്‍ താന്‍ പറഞ്ഞത് ഇന്നും പ്രസക്തമാണെന്നും വില്ലേജ് ഓഫിസര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പൊതുജനത്തെ ഓഫീസ് കയറ്റിയിറക്കി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയുടെ ഗണത്തില്‍ പെടുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.

ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞത് വലിയൊരളവില്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്ന് തുടര്‍ഭരണത്തില്‍ ആദ്യമായി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവശേഷിക്കുന്ന ദൗര്‍ബല്യങ്ങള്‍ കൂടി പരിഹരിക്കുകയാണ് ഈ അ‍ഞ്ചുവര്‍ഷക്കാലത്തെ ലക്ഷ്യം. 

അന്യായമായി പണം വസൂലാക്കുന്നതുമാത്രമാണ് അഴിമതിയെന്ന് ധരിക്കരുതെന്നും പിണറായി. ജനങ്ങളെ സേവിക്കുന്നവരാണെന്ന ബോധത്തോടെയുള്ള സമീപനം പൊതുജനങ്ങളോടുണ്ടാവണം. കാര്യസാധ്യത്തിന് ഓഫിസിന് പുറത്തുള്ള ഏജന്‍റിനെ കാണേണ്ടിവരുമായിരുന്ന അവസ്ഥ ഒരു പരിധിവരെ അവസാനിപ്പിക്കാനായി. എവിടെയെങ്കിലും ഇത്തരം ദുഷ്പ്രവണത അവശേഷിക്കുന്നുണ്ടെങ്കില്‍ വച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശനമായ നിരീക്ഷണവും നടപടിയുമുണ്ടാകുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഉത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് യോഗത്തില്‍ റവന്യുമന്ത്രി കെ.രാജന്‍ പറ‍ഞ്ഞു.