മുഖ്യമന്ത്രി- ബസവരാജയെ കണ്ടു: സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ല, 3 പദ്ധതി നിർദേശങ്ങൾ തള്ളി

മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ല. സാങ്കേതികവിവരങ്ങള്‍ പൂര്‍ണമായി കൈമാറാത്തതിനാലാണ് സില്‍വര്‍ലൈന്‍ മംഗലാപുരം വരെ നീട്ടുന്നകാര്യം കേരളം ഉന്നയിക്കാതിരുന്നത്. അതേസമയം, കേരളം സമര്‍പ്പിച്ച മൂന്നു റയില്‍വേ പദ്ധതികളും തള്ളിയെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മാധ്യമങ്ങളോടു പറഞ്ഞു. തലശേരി–മൈസുരു,നിലമ്പൂര്‍–നെഞ്ചന്‍കോട്, ക‍ാഞ്ഞങ്ങാട്–കാണിയൂര്‍ പാതകള്‍ കടന്നുപോകുന്നത് സംരക്ഷിത വന,കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൂടെയാണെന്നും ബസവരാജ് ബൊമ്മ നിലപാട് എടുത്തു. കേരള–കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കാഞ്ഞങ്ങാട് –കാണിയൂര്‍ പാതയ്ക്കു കര്‍ണാടക തത്വത്തില്‍ സമ്മതിച്ചെന്നായിരുന്നു കേരളം ഇറക്കിയ വാര്‍ത്താ കുറിപ്പ്. അതേ സമയം മലപ്പുറം മൈസുരു ദേശീയ പാതയുടെ ആദ്യ രണ്ട് അലൈന്‍മെന്റുകളില്‍ നിര്‍മാണം തുടങ്ങാന്‍ തീരുമാനമായി. തോല്‍പ്പെട്ടി മുതല്‍ മലപ്പുറം വരെയുള്ള അലൈന്‍മെന്റിനായി സംയുക്തമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ചര്‍ച്ചയില്‍ ധാരണയായത്.