കോവിഡ് രൂക്ഷമായ 11 നഗരങ്ങളിൽ വാക്സിനേഷനില്‍ മുന്‍പന്തിയിൽ കൊച്ചി: പഠനം

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ നഗരങ്ങളില്‍ വാക്സിനേഷനില്‍ മുന്‍പന്തിയിലുള്ളത് കൊച്ചി. കോവിഡന്‍റെ തീവ്രവ്യാപനത്തിന് ഇടയിലും കൊച്ചിയില്‍ 22 ശതമാനം പേര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കാന്‍ സാധിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം അതരൂക്ഷമായ പതിനൊന്ന് നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ്, വാക്സിനേഷനില്‍ കൊച്ചി മുന്‍പന്തിയിലെത്തിയത്. വാക്സിനേഷന്‍റെ ദേശീയ ശരാശരി പതിനൊന്ന് ശതമാനം മാത്രമാണെന്നിരിക്കെ മെട്രോ നഗരങ്ങളെ പോലും പിന്നിലാക്കിയാണ് കൊച്ചി 22 ശതമാനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയത്. 21 ശതമാനവുമായി പുനെ ആണ് രണ്ടാമത്. നാഗ്പൂരും അഹമ്മദാബാദും തൊട്ടു പിന്നിലുണ്ട്. പതിനെട്ട് ശതമാനം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയ കോഴിക്കോട് നാലാം സ്ഥാനത്തെത്തി. എറണാകുളം ജില്ലയില്‍ ഒമ്പത് ലക്ഷത്തിലധികം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. 

എറണാകുളം ജില്ലയില്‍ 45 വയസിനു മുകളിലുള്ള അറുപത് ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സീനെങ്കിലും നല്‍കാനായിട്ടുണ്ട്. ഏപ്രില്‍ മുപ്പതിനകം 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും വാക്സീന്‍ ക്ഷാമം തടസമാവുകയായിരുന്നു.