കുതിരാനിൽ നിർമാണം അവസാന ഘട്ടത്തിൽ; ലോക്ഡൗണിലും തകൃതിയാക്കി കെഎംസിസി

തൃശൂര്‍ കുതിരാൻ തുരങ്ക മുഖത്ത് നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ.  ലോക് ഡൗണിൽ പണി തടസപ്പെടാതിരിക്കാൻ കെ.എം.സി.സി കമ്പനി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മണ്ണുത്തി ..വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനോട് അനുബന്ധിച്ചുള്ള ജോലികൾ തകൃതിയാണ് ഇപ്പോൾ. കിഴക്കേ തുരങ്കത്തിനു സമീപം കല്ലു പൊട്ടിക്കുന്ന ജോലികൾ അവസാനഘട്ടത്തിലെത്തി. മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗത്തു ഷോർട്ട് കോൺക്രീറ്റ് ജോലികൾ അടുത്തയാഴ്ച ആരംഭിക്കും. ഇതിനുവേണ്ടി മണ്ണു നീക്കുന്ന ജോലിയും തുടരുന്നു. കിഴക്കു ഭാഗത്തെ രണ്ടാമത്തെ തുരങ്ക മുഖത്തിൽ നിന്നും റിസർവോയറിനു കുറുകെയുള്ള മേൽപ്പാലം വരെ ടാറിങ് പൂർത്തിയാക്കി. ഒന്നാമത്തെ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തി വിടുമ്പോൾ രണ്ടാമത്തെ തുരങ്കം നിർമ്മാണം തടസ്സപ്പെടാതിരിക്കാനാണ് റോഡ് പുതിയതായി നിർമ്മിച്ചത്. 

നിർമ്മാണസാമഗ്രികൾ ഇതുവഴി എത്തിക്കുന്നതിനാണു പുതിയ റോഡ്.  പടിഞ്ഞാറെ തുരങ്കത്തിനു സമീപവും പാറക്കെട്ടുകൾ പൊട്ടിച്ചു നീക്കുന്ന ജോലികൾ തുടരുന്നു. അതേസമയം, ദേശീയപാതയിലെ കുതിരാൻ തുരങ്കപാത ആരംഭിക്കുന്ന ഭാഗത്ത് കൺട്രോൾ സ്റ്റേഷൻ നിർമാണം പൂർത്തിയായി. 2 മുറികളുള്ള സ്റ്റേഷൻ കെട്ടിടത്തിൽ ഒരു മുറിയിൽ 125 കെ വിയുടെ ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിലെ വൈദ്യുതി നിയന്ത്രണം കൺട്രോൾ സ്റ്റേഷൻ മുഖേനയാകും. ഉടനെ തുരങ്കങ്ങളിൽ ഒന്ന് തുറന്നേക്കും.