നിയന്ത്രണങ്ങൾ ഫലപ്രദമായില്ല; വാസ്കീനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്; പ്രതിസന്ധി

സംസ്ഥാനമൊട്ടാകെ പല നിയന്ത്രണങ്ങള്‍ വന്നിട്ടും വാക്സീനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കാണ് ഇപ്പോഴും പ്രതിസന്ധിയാകുന്നത്. സമയം പാലിക്കാതെയും റജിസ്ട്രേഷനില്ലാതെ വരുന്നവരുമൊക്കെ ആരോഗ്യകേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടമാവുകയാണ്. പാലക്കാട് കോങ്ങാട് സാമൂഹീകാരോഗ്യകേന്ദ്രത്തിലെ ഇന്നലത്തെ കാഴ്ചയാണിത്. വിഡിയോ സ്റ്റോറി കാണാം. 

രണ്ടാം ഡോസ് വാക്സീന്‍ കുത്തിവയ്പ് എടുക്കാനുള്ള തിക്കുംതിരക്കും. പ്രായമുള്ളവരാണ് ഏറെയും. രണ്ടാം ഡോസ് വാക്സീനേഷന് മുന്‍കൂട്ടിയുള്ള റജിസ്ട്രേഷനില്ലാത്തതിനാല്‍ എല്ലാവരും കൂട്ടത്തോടെ എത്തുന്നതാണ് പ്രതിസന്ധി. പട്ടാമ്പി കൊപ്പം ഗ്രാമപഞ്ചായത്തിലെ സാമൂഹീകാരോഗ്യകേന്ദ്രത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ പത്തു പേര്‍ക്ക് വീതം ടോക്കൺ നൽകിയെങ്കിലും അതിരാവിലെ തന്നെ ആശുപത്രിക്ക് മുന്നിൽ ആളുകളുടെ തിരക്ക് തുടങ്ങി. ടോക്കണ്‍ ഉളളവര്‍ക്ക് പുറമേ ഇല്ലാത്തവരും എത്തി. പരാതിയും ബഹളവും. 

പഞ്ചായത്ത് പ്രസിഡന്റും കൊപ്പം പൊലീസും പിന്നീട് എല്ലാവരുമായി ചര്‍ച്ച നടത്തി അധികമായി വന്നവര്‍ക്ക് വാക്സീന്‍ നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്. വാക്സീന്‍ക്ഷാമം ഉളളതിനാല്‍ വരുംനാളുകളില്‍ വാക്സീന്‍ കിട്ടാതെ വരുമോയെന്ന ആശങ്ക പൊതുസമൂഹത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതാണ് ആരോഗ്യകേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടത്തിന് മറ്റൊരുകാരണമാകുന്നത്.