കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിൽ ബിഎസ്എന്‍എല്ലിന്‍റെ സേവനം അവതാളത്തില്‍

ഈരാറ്റുപേട്ടയിലും കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ബിഎസ്എന്‍എല്ലിന്‍റെ സേവനം അവതാളത്തില്‍. ബിഎസ്എന്‍എല്‍ ടവറുകളുടെ സാങ്കേതിക തകരാറും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ ലഭിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ബിഎസ്എന്‍എല്‍ മാത്രം ലഭ്യമായ ഇവിടങ്ങളില്‍ വൈദ്യുതി മുടക്കവും പതിവായതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുകയാണ് നാട്ടുകാര്‍.  

പെരിങ്ങുളം, കുന്നോന്നി, പാതാമ്പുഴ അടക്കമുള്ള ഗ്രാമീണ പ്രദേശങ്ങളിലാണ് ബിഎസ്എന്‍എല്‍ പണിമുടക്കിയത്. ഉച്ചകഴിഞ്ഞ മഴയും കാറ്റും ശക്തിപ്രാപിക്കുന്നതോടെ മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങും. വൈദ്യുതി നിലച്ചാല്‍ പരമാവധി പത്ത് മിനിറ്റ് മാത്രമെ ടവറുകളിലെ ബാറ്ററികള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ടവറുകളോട് ചേര്‍ന്ന് ജനറേറ്ററുകളുണ്ടെങ്കിലും ഡീസല്‍ വാങ്ങാന്‍ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ കയ്യൊഴിയും. സിഗ്നല്‍ പ്രതിസന്ധി ഓണ്‍ലൈന്‍ പഠനത്തെയും ബാധിച്ചതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. 

ബിഎസ്എന്‍എല്ലിന്‍റെ സേവനം നിലയ്ക്കുന്നത് പ്രദേശത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനവും താളം തെറ്റിക്കുന്നു. ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ വിതരണവും മുടങ്ങും. പെരിങ്ങുളം അടിവാരം മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം.