ബിഎസ്എന്‍എല്ലില്‍ നിന്ന് വിആര്‍എസ് എടുത്തു; നെല്‍സണ്‍ ഇപ്പോള്‍ ഓട്ടോ ഡ്രൈവര്‍

ബിഎസ്എന്‍എല്ലില്‍ നിന്ന് വിആര്‍എസ് എടുത്ത് ടി ആര്‍ നെല്‍സന്‍ വെറുതെ ഇരുന്നില്ല. തൊട്ടടുത്ത ദിവസം ഓട്ടോയെടുത്ത് റോഡിലേക്കിറങ്ങി. വീട്ടിലെ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കുകയാണ് നെല്‍സണ്‍ ഇപ്പോള്‍. 

‘വീടൊക്കെ വച്ചതിന്റെ വായ്പ തിരിച്ചടവ് ബാക്കിയാണ്. വീട്ടിലിരുന്നാൽ അതൊക്കെ മുടങ്ങും’‌- നെല്‍സണ്‍ പറയുന്നു. എറണാകുളം സൗത്ത് സിഎസ്ആർ ടെലിഫോൺ എക്സ്ചേഞ്ചിൽ ടെലികോം ടെക്നീഷ്യനായിരുന്നു നെല്‍സണ്‍.  1994ൽ ഗ്രൂപ്പ് ഡി ജീവനക്കാരനായാണു ബിഎസ്എൽഎല്ലിൽ ജോലിയിൽ പ്രവേശിച്ചത്.

അതിനുമുന്‍പ് ബോഡി ബില്‍ഡിങ് രംഗത്ത് സജീവമായിരുന്നു. ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ എറണാകുളവും, മിസ്റ്റർ കേരളയുമൊക്കെ ആയിട്ടുണ്ട്. ബിഎസ്എൻഎൽ കേരള സർക്കിളിനു വേണ്ടി ദേശീയ തലത്തിൽ പല തവണ ജേതാവായി. ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പം കാക്കനാട് പടമുകളിലാണു താമസം.

ജോലിയിൽ നിന്നു വിരമിക്കാൻ 4 വർഷം കൂടി ബാക്കിയുള്ളപ്പോഴാണു വിആർഎസ് എടുത്തത്. ബിഎസ്എൽഎല്ലിന്റെ പടിയിറങ്ങുമ്പോൾ രണ്ടു മാസത്തെ ശമ്പളവും വിആർഎസ് ആനുകൂല്യങ്ങളും കിട്ടാൻ ബാക്കിയാണ്. അത് എന്നു കിട്ടുമെന്നതിന് അധികൃതർ വ്യക്തമായ മറുപടി നൽകിയിട്ടുമില്ല.