'രണ്ടിടത്ത് വോട്ടുണ്ടല്ലേ..? 5 മിനിറ്റ് കാത്തു നിൽക്കൂ..'; 2 മഷിയടയാളവുമായി മടക്കം

രണ്ടിടത്ത് വോട്ടുണ്ടല്ലേ?..’ പോളിങ് സ്‌ലിപ്പു കാണിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിൽ വോട്ടർ ആദ്യമൊന്നു പകച്ചു. ജോലിയോട് അനുബന്ധിച്ചു കൊച്ചിയിലെത്തിയ വയനാട്ടുകാരി വോട്ടറോടാണ് ചോദ്യം. വോട്ട് തൃക്കാക്കര മണ്ഡലത്തിലേയ്ക്കു മാറ്റിയിരുന്നു. ‘ഇല്ല’ എന്ന് ആദ്യ മറുപടി. അല്ല, ഉണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ തറപ്പിച്ചു പറയുന്നു.

പഴയ സ്ഥലത്തെ വോട്ട് ഇവിടേയ്ക്കു മാറ്റുകയായിരുന്നല്ലോ എന്നു പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ സമ്മതിക്കുന്നില്ല. ഇതോടെ സത്യവാങ്മൂലം കൊടുക്കണമെന്നായി. സത്യവാങ്മൂലവും കൊടുത്ത് വോട്ടു ചെയ്ത് പുറത്തിറങ്ങുമ്പോൾ ഉദ്യോഗസ്ഥരിൽ ഒരാൾ അഞ്ചു മിനിറ്റ് കാത്തുനിൽക്കാൻ ആവശ്യപ്പെടുന്നു. വിരലിൽ ഇട്ട മഷി ഉണങ്ങാനാണത്രെ. സത്യവാങ്മൂലത്തിൽ വിരലടയാളം പതിപ്പിച്ചപ്പോൾ വീണ്ടും മഷി പറ്റി. അങ്ങനെ പട്ടികയിൽ രണ്ടിടത്തു പേരുള്ളവർക്ക് രണ്ട് മഷി അടയാളം.

ഇരട്ട വോട്ട് വിവാദം കത്തിയതിനാലാവണം, തിരഞ്ഞെടുപ്പു കമ്മിഷൻ പോളിങ് ബൂത്തുകളിൽ  മുൻകരുതലോടെയാണു നിൽക്കുന്നത്. ഇരട്ട വോട്ടുള്ളവർ വോട്ടു ചെയ്തു കഴിഞ്ഞാൽ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും മഷി ഉണങ്ങുന്നതു വരെ പുറത്തു പോകാതിരിക്കാനുമെല്ലാമായി പതിവിൽ അധികം ഉദ്യോഗസ്ഥരെ പല ബൂത്തുകളിലും നിയോഗിച്ചിട്ടുണ്ട്.