അക്രമങ്ങള്‍ക്ക് അറുതിയില്ലാതെ രണ്ടാംഘട്ടം: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനിടയിലും അക്രമങ്ങള്‍ക്ക് അറുതിയില്ല. പടിഞ്ഞാറന്‍ മിഡ്നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദേബ്രയില്‍ ബിജെപി– തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നന്ദിഗ്രാമില്‍ മമതയ്ക്കെതിരെ മല്‍സരിക്കുന്ന തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറുണ്ടായി. അസമില്‍  13 ജില്ലകളിലായി 39 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും പുരോഗമിക്കുകയാണ്. അസമിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഇത്തവണയും റെഡ് കാര്‍ഡ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

ബംഗാളിലെ ബാങ്കുര, പടിഞ്ഞാറന്‍ മിഡ്നാപുര്‍, കിഴക്കന്‍ മിഡ്നാപുര്‍, സൗത്ത് 24 പര്‍ഗനാസ് ജില്ലകളിലെ 30 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും എല്ലാ കണ്ണുകളും നന്ദിഗ്രാമിലേക്കാണ്. ഇവിടെ മമത ബാനര്‍ജി നേരിടുന്നത് തന്‍റെ പഴയ വിശ്വസ്തനും മുന്‍മന്ത്രിയുമായ സുവേന്ദു അധികാരിയെ. ഭേദപ്പെട്ട പോളിംഗാണ് നന്ദിഗ്രാമില്‍ രേഖപ്പെടുത്തുന്നത്. മറ്റ് മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി മമത ഇവിടെ ക്യാംപ് ചെയ്യുകയാണ്.  ജനം വികസനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും മമത പരാജയപ്പെടുമെന്നും സുവേന്ദു അധികാരി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു. ആദ്യഘട്ട വോട്ടെടുപ്പിനേക്കാള്‍ കൂടുതല്‍ അക്രമങ്ങളാണ് രണ്ടാംഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിഡ്നാപുരില്‍ ടിഎംസി പ്രവര്‍ത്തകനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.

ബിജെപി ഗുണ്ടകളാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.എട്ടുപേര്‍ അറസ്റ്റിലായി. ദേബ്രയില്‍ തൃണമൂല്‍– ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേശ്പൂരിലെ ബിജെപി വനിതാ പോളിംഗ് ഏജന്‍റിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി ഉയര്‍ന്നു. ഘാട്ടല്‍ മേഖലയില്‍ ടിഎംസി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ തീയിട്ട് പ്രതിഷേധിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അസമിലെ ഗോത്രമേഖലയും ബംഗാളി സംസാരിക്കുന്ന പ്രദേശങ്ങളുമാണ് വിധിയെഴുതുന്നത്. അഞ്ച് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു