കണ്ണൂർ പേരാവൂർ മണ്ഡലത്തിൽ സർവീസ് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയതിൽ വീഴ്ച

കണ്ണൂർ, പേരാവൂർ മണ്ഡലത്തിൽ സർവീസ് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയതിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ നിക്ഷേപിക്കാനുള്ള പെട്ടി എത്തിക്കുന്നതിലാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയത്. നടപടി ക്രമങ്ങൾ തുടങ്ങി മൂന്ന് മണിക്കൂറോളം വൈകിയാണ് ബാലറ്റ് നിക്ഷേപിക്കുന്നതിനുള്ള പെട്ടി എത്തിയത്.

തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട വിവിധ ആവശ്യസേവന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിനായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഹാളിലായിരുന്നു താൽക്കാലിക പോളിങ് സ്റ്റേഷൻ ഒരുക്കിയത്.

സർവീസ് വോട്ടുള്ളവർ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ബാലറ്റ് നിക്ഷേപിക്കാനുള്ള പെട്ടിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മനസിലാക്കിയത്. പ്രശ്നം അറിഞ്ഞെത്തിയ  യു.ഡി.എഫ് സ്ഥാനാർഥി സണ്ണി ജോസഫ് ടീക്കറാം മീണ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. തുടർന്ന്  റിട്ടേണിംങ്ങ് ഓഫീസർ സ്ഥലത്തെത്തി, കൃത്യമായി  സൗകര്യം ഒരുക്കാതതിന് ജീവനക്കാരെ ശാസിച്ചു. മൂന്നു മണിക്കൂറോളം വൈകിയാണ് ബാലറ്റ് പെട്ടി എത്തിച്ചത്.  തിരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ കമ്മീഷൻ ശ്രദ്ധ പുലർത്തണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇടത് സ്ഥാനാർഥി കെ.വി.സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ളവരും സ്ഥലത്ത് എത്തിയിരുന്നു. അധികൃതർക്കുണ്ടായ വീഴ്ച്ചയിൽ എൽ.ഡി.എഫും പ്രതിഷേധം രേഖപ്പെടുത്തി.രാവിലെ ഒൻപത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പോളിങ് വൈകിയാണ് ആരംഭിച്ചതെന്നും ആക്ഷേപമുണ്ട്. ബാലറ്റ് നിക്ഷേപിക്കാനുള്ള പെട്ടി കൊണ്ടുവരണമെന്ന നിർദ്ദേശം ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം.