ഇടുക്കിയുടെ ചരിത്രംതിരുത്തുമോ റോഷി അഗസ്റ്റിൻ? ആകാംക്ഷ നിറഞ്ഞ പോരാട്ടം

ഇടുക്കി നിയമസഭാ മണ്ഡലം ഒരിക്കല്‍ മാത്രമെ ഇടത്തേക്കു ചാഞ്ഞിട്ടുള്ളൂ, 1996 ല്‍. പി.പി.സുലൈമാന്‍ റാവുത്തറാണ് ഇടുക്കിയെ ചുവപ്പണിയിച്ച് ചരിത്രത്തിന്റെ ഭാഗമായ ഏക ഇടത് എംഎല്‍എ. മുന്നണിമാറി ഇപ്പോള്‍ കോണ്‍ഗ്രസിലെത്തിയ റാവുത്തറുടെ റെക്കോര്‍ഡ് റോഷി അഗസ്റ്റിന്ർ തിരുത്തുമോ എന്ന പ്രത്യേകതയും ഇടുക്കി മണ്ഡലത്തിലെ ഈ തിരഞ്ഞെടുപ്പിനുണ്ട്. 

1982 ലാണ് സുലൈമാന്‍ റാവുത്തര്‍ ഇടുക്കിയില്‍ ഇടതോരം ചേര്‍ന്ന് പോരാട്ടത്തിനിറങ്ങിയത്. പക്ഷെ, പരാജയപ്പെട്ടു. 87ല്‍ സീറ്റ് ലഭിക്കാതതിനെ തുടര്‍ന്നു സ്വതന്ത്രനായി കളത്തിലിറങ്ങിയെങ്കിലും കരകയറിയില്ല. എന്നാല്‍ 96ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച റാവുത്തര്‍ ഇടുക്കി കീഴടക്കി. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായ റാവുത്തര്‍ മുന്നണി മാറി വീണ്ടും കോണ്‍ഗ്രസിലെത്തി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് കാലങ്ങളായി അകലം പാലിക്കുന്ന റാവുത്തര്‍ ഏറെ ആകാംഷയോടെയാണ് ഈ തിരഞ്ഞെടുപ്പിനെ നോക്കുന്നത്. 2016 ലെത് പോലെ ഇത്തവണയും റോഷി അഗസ്റ്റിന്‍ ഫ്രാന്‍സിസ് ജോര്‍ജ് പോരാട്ടത്തിനാണ് സാധ്യത. വ്യക്തമായ കാരണമില്ലാതെയാണ് ഇരുവരും മുന്നണി മാറിയതെന്ന് കുറ്റപ്പെടുത്തിയ റാവുത്തര്‍ വിജയം പ്രവചനാതീതമാണെന്നും വ്യക്തമാക്കുന്നു.

ഇടുക്കി സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയതിലും റാവുത്തര്‍ക്ക് പരിഭവമുണ്ട്.  കഴിഞ്ഞ നാല് തവണയും റോഷി അഗസ്റ്റിന്‍ ജയിച്ചു കയറിയത് യുഡിഎഫിന്റെ പിന്തുണയോടെയായിരുന്നു. ഇടുക്കിയില്‍ കോണ്‍ഗ്രസ് മല്‍സരിച്ചാല്‍ ജയം ഉറപ്പാകുമെന്നാണു ഒട്ടേറെ തിരഞ്ഞടുപ്പുകള്‍ നേരിട്ട അനുഭവത്തില്‍ നിന്നു സുലൈമാന്‍ റാവുത്തര്‍ പറയുന്നത്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് റാവുത്തര്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചത്. എന്നാല്‍ കുന്നത്തുനാട് നിയമസഭ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നല്‍കി പാര്‍ട്ടി സുലൈമാന്‍ റാവുത്തറെ അടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.