ദേവികുളത്ത് എൻഡിഎയ്ക്കായി എ.ഐ.എ.ഡി.എം.കെ; തോട്ടം മേഖലയിൽ പ്രതീക്ഷ

ഇടുക്കി ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കുവേണ്ടി എ.ഐ.എ.ഡി.എം.കെ മല്‍സരിക്കും. തോട്ടം മേഖലയിൽ കൂടുതൽ വോട്ട് നേടാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഘടകകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ബിജെപി സീറ്റ് വിട്ട് നല്‍കിയത്. ഇടുക്കിക്ക് പുറമേ തിരുവനന്തപുരത്തും പാലക്കാടും 

ഓരോ സീറ്റുകള്‍ കൂടി ആവശ്യപ്പെടാനാണ് എ.ഐ.എ.ഡി.എം.കെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കഴിഞ്ഞ തവണ ദേവികുളത്ത് ആരുമായും സഖ്യമില്ലാതെ മത്സരിച്ച എഐഎഡിഎംകെ ബിജെപിയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇക്കുറി വിജയം തന്നെ ലക്ഷ്യമിട്ടാണ് എഐഎഡിഎംകെ ഇറങ്ങുന്നത്. ദേവികുളത്തെ തോട്ടം മേഖലയിലെ വോട്ടുകളില്‍ കണ്ണുവച്ചാണ് സഖ്യകക്ഷിയെ 

പിന്തുണയ്ക്കാന്‍ ബിജെപിയും തീരുമാനിച്ചത്. 2011ല്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചത് 646 വോട്ടുകള്‍. 2016 ല്‍ 11,613 ആയി ഉയര്‍ന്നു. ബിജെപി 9592 വോട്ടുകളും പിടിച്ചു. കണക്കുകള്‍ മാറിമറിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെങ്കിലും ജയസാധ്യത ഉള്ള സ്ഥാനാര്‍ഥിയെ ഇറക്കുമെന്നും എ.ഐ.എ.ഡി.എം.കെ നേതൃത്വം പറയുന്നു. ജനകീയമുഖമുള്ള സ്ഥാനാര്‍ഥികളെ ഇറക്കിയാല്‍ ഇടത് വലത് മുന്നണികള്‍ ദേവികുളത്ത് വിയര്‍ക്കേണ്ടിവരും. പീരുമേട് മണ്ഡലവും എ.ഐ.എ.ഡി.എം.കെ. ചോദിക്കുന്നുണ്ടെങ്കിലും ബിജെപി ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല.