തിരഞ്ഞെടുപ്പ് ഓളത്തിൽ മലപ്പുറം; ലീഗിന് വെല്ലുവിളിയായി ഉപതിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പിന്റെ ഒാളത്തിലേക്ക് പോവുകയാണ് മലപ്പുറം. പി.കെ. കുഞ്ഞാലിക്കുട്ടി രാജി വച്ച ഒഴിവില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുസ്്ലീംലീഗിനും വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിന് ഒപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും നടത്താനാണ് പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ രാജിവച്ച് ഒഴിഞ്ഞത്. ഇടയ്ക്കു വച്ച് ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച്  കേരളത്തിലേക്കു മടങ്ങിയ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തേയും രാഷ്ട്രീയമായി ഉപയോഗിക്കാനുളള ശ്രമത്തിലാണ് ഇടതുപക്ഷം. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഒപ്പം നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രതികൂലമാവില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാംപ്. രണ്ടു വര്‍ഷം മുന്‍പു നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ 260000 വോട്ടിനാണ് പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചത്. 

എം.പി. അബ്ദുസമദ് സമദാനിയുടെ പേരാണ് ലോക്സഭ സ്ഥാനാര്‍ഥിയായി ലീഗ് പട്ടികയില്‍ പ്രഥമ സ്ഥാനാര്‍ത്തുളളത്. മുന്‍പ് രാജ്യസഭാംഗമായി പ്രവര്‍ത്തിച്ച് അനുഭവ പരിചയവും സമദാനിക്ക് മുന്‍ഗണന നല്‍കുന്നു. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, വേങ്ങര, വളളിക്കുന്ന്, മങ്കട, പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലങ്ങളാണ് മലപ്പുറം ലോക്സഭ മണ്ഡലങ്ങളുടെ ഭാഗമായുളളത്.