കുട്ടി സൗഹൃദം, ലൈബ്രറി, ഔഷധത്തോട്ടം; മുഖംമാറി താനൂര്‍ സ്റ്റേഷന്‍; ജനകീയം

രാഷ്ട്രീയ സംഘര്‍ഷങ്ങളിലൂടെയും കൊലപാതക കേസുകളിലൂടെയും പേരുകേട്ട മലപ്പുറം താനൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. കുട്ടി സൗഹൃദ ഇടവും, ലൈബ്രറിയും, ഔഷധ തോട്ടവുമടക്കം നിര്‍മിച്ച് സ്റ്റേഷന്‍ രൂപത്തിലും ഭാവത്തിലും കൂടുതല്‍ ജനകീയമായി മാറി താനൂര്‍ പൊലീസ്. < പൊലീസിന്റെയും നാട്ടുകാരുടെയും ബന്ധം അടുപ്പിക്കുന്ന ജനക്ഷേമ പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിന് കളങ്കമായ അഞ്ചുടിയിലെയും ഉണ്യാലിലെയും കൊലപാതകങ്ങള്‍. പൊലീസും നാട്ടുകാരും തമ്മിലെ നിരന്തര സംഘര്‍ഷങ്ങള്‍. ഇതെല്ലാമായിരുന്നു മുമ്പ് താനൂര്‍ പൊലീസിന്റെ മേല്‍വിലാസം. ചീത്തപ്പേരുകള്‍ മാറ്റി പുതിയ രൂപത്തിലാണ് ഇപ്പോള്‍ താനൂര്‍ പൊലീസ്. കുട്ടികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി കുട്ടി സൗഹൃദ ഇടം, പരാതിക്കാര്‍ക്കായുള്ള വായനാ മുറി, തൊണ്ടിവാഹനങ്ങള്‍ കിടന്ന് കാടുകയറിയ സ്ഥലത്തെ കളിക്കളം, പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറികള്‍, ഔഷധത്തോട്ടം, സ്റ്റേഷനിലെത്തുന്നവര്‍ക്ക് പൊലീസുകാരെ കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള ഫീഡ്ബാക്ക് റജിസ്റ്റര്‍, അങ്ങനെ ഓരോ കോണിലും മാറി താനൂര്‍ പൊലീസ്. 

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ചികില്‍സ ലഭ്യമാക്കാനുള്ള പദ്ധതികളും പൊലീസിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. 

ഇതിനോടകം പൊലീസ് വകുപ്പിന്റെ പല അംഗീകാരങ്ങളും സ്റ്റേഷനെ തേടിയെത്തി. മികച്ച പൊലീസ് സ്റ്റേഷന്‍ പദവിയിലേക്ക് താനൂര്‍ സ്റ്റേഷനെ ഉയര്‍ത്തുകയാണ് ഇനി ഇവരുടെ ലക്ഷ്യം.