ഇരട്ട വോട്ട് വിവാദം കൊഴുക്കുന്നു; ഇടുക്കി അതിർത്തിയിൽ വ്യാപക ആരോപണം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇടുക്കിയിലെ കേരള തമിഴ്നാട് അതിർത്തി മേഖലയില്‍ ഇരട്ട വോട്ട് വിവാദം കൊഴുക്കുന്നു. തമിഴ്നാട് സ്വദേശികളായ ആറായിരത്തോളം പേര്‍ ഇടുക്കി ജില്ലയുടെ വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് യുഡിഎഫ് ആരോപണം. ഇകാര്യം ചൂണ്ടിക്കാട്ടി ഇടുക്കി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു.

തോട്ടം മേഖല ഉൾപ്പെടുന്ന മണ്ഡലങ്ങളായ ഉടുമ്പൻചോല, പീരുമേട്, ദേവികുളം എന്നീ മണ്ഡലങ്ങളിലെ വോട്ടര്‍പ്പട്ടികയില്‍ അനര്‍ഹരായവര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് പരാതി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച ഉടുമ്പൻചോലയിലും പീരുമേട്ടിലും വോട്ടിങ്് തിരിമറി നടത്താവാൻ സി.പി.എം ശ്രമിക്കുന്നതായും പരാതിയുണ്ട്. മന്ത്രി എം.എം.മണിയും ഇ.എസ്.ബിജിമോളും 2016 ലെ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചത് ഇരട്ട വോട്ടുകള്‍ കൊണ്ടാണെന്നും കോൺഗ്രസ് ആരോപിക്കുന്നു

സിപിഎം നേതൃത്വം ആരോപണങ്ങള്‍ നിഷേധിച്ചു. ഇരട്ട വോട്ടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും ഒരേ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്നതോടെ ഇരട്ടവോട്ടിന് തടയിടാനാകുമെന്നാണ് വിലയിരുത്തല്‍.