ലോറി ഉയർന്നു പൊങ്ങി, കമ്പിയും പട്ടയും റോഡിൽ ചിതറി തെറിച്ചു; എടുത്ത് ചാടി ഡ്രൈവർ

  കടുത്തുരുത്തിയിൽ ബുധനാഴ്ച റബർ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടമുണ്ടായ കടുത്തുരുത്തി വില്ലേജ് ഓഫിസിന് മുൻവശം ടി.ആർ. രാമൻ പിള്ള റോഡിൽ കമ്പിയും പട്ടയും കയറ്റി വന്ന ലോറി ഉയർന്നു പൊങ്ങി വീണ്ടും അപകടം. ലോറിയിൽ നിന്നും പട്ടയും കമ്പിയും റോഡിൽ ചിതറി തെറിച്ചു. ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം.

       പെരുമ്പാവൂരിൽ നിന്നും നിന്നും മുട്ടുചിറയിലേക്ക് ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. കടുത്തുരുത്തി ടൗണിൽ പഴയ പഞ്ചായത്ത് ഓഫിസിന് മുൻ വശം റോഡ് മുറിച്ച് കലുങ്ക് പണി നടക്കുന്നതിനാൽ വാഹന ഗതാഗതം ടി.ആർ. രാമൻ പിള്ള റോഡിലൂടെ ടൗണിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്.

കയറ്റം കയറുന്നതിനിടെ ലോറിയുടെ മുൻവശം ഉയർന്നു പൊങ്ങുകയും ലോറിയിൽ നിന്നും വൻ ശബ്ദ്ധത്തോടെ ഇരുമ്പും പട്ടയും റോഡിൽ ചിതറി തെറിക്കുകയുമായിരുന്നു. ഡ്രൈവർ കടുത്തുരുത്തി സ്വദേശി റെജിയാണ് അപകടത്തിൽ നിന്ന് ഭാഗ്യത്തിന്  രക്ഷപ്പെട്ടത്. ഈ സമയം പിന്നിൽ മറ്റ് വണ്ടികൾ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി.

ഭാര വണ്ടികൾ ഈ റോഡിലൂടെ പോകുന്നത് അപകടം ഉണ്ടാക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം റബർ തടിയുമായി വന്ന ലോറി ഇതേ സ്ഥലത്ത് മറിഞ്ഞിരുന്നു.അപകടത്തിൽ ഡ്രൈവറും സഹായിയും പരുക്കേറ്റ് ചികിത്സയിലാണ്.