നട്ടെല്ലും സുഷുമ്‌നയും തുളച്ചു കയറി സ്ക്രൂഡ്രൈവർ; അക്രമിയുടെ പേര് പറയാതെ രഘു

മുളങ്കുന്നത്തുകാവ്: പിന്നിൽ നിന്നു തുളഞ്ഞു കയറിയ സ്ക്രൂ ഡ്രൈവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു. അപകടനില തരണം ചെയ്ത രോഗി സുഖം പ്രാപിക്കുന്നു. കോണത്തുകുന്ന് പുതിയകാവിൽ വീട്ടിൽ രഘുവാണ് (55) ആറ് മണിക്കൂർ നീണ്ട ശ്രമകരമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു മടങ്ങുന്നത്.

20 സെന്റീമീറ്റർ നീളമുള്ള സ്ക്രൂ ഡ്രൈവർ നട്ടെല്ലും സുഷുമ്‌നയും തുളച്ചു കയറിയ നിലയിലായിരുന്നു. ഹൃദയ ധമനികൾക്കും ശ്വാസകോശത്തിനും പരുക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇന്നലെ രാവിലെ മെഡിക്കൽ കോളജിലെത്തിച്ചത്. പിന്നിൽ നിന്ന് ആരോ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കിയതാകാം എന്നാണു നിഗമനം. രഘു അക്രമിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ന്യൂറോ സർജറി, കാർഡിയോ തൊറാസിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് സ്ക്രൂ ഡ്രൈവർ പുറത്തെടുത്തത്.

ആശുപത്രി സൂപ്രണ്ട് കൂടിയായ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.ആർ ബിജു കൃഷ്ണന്റെ നേതൃത്വത്തിൽ ഡോ.ജിയോ സെനിൽ കിടങ്ങൻ, ഡോ.രഞ്ജിത്, ഡോ.തോമസ്, ഡോ.ഷാഹിദ്, കാർഡിയോ തൊറാസിക് സർജൻ ഡോ. കൊച്ചുകൃഷ്ണൻ എന്നിവർ ചേർന്നാണ്  ശസ്ത്രക്രിയ പൂർത്തീകരിച്ചത്. അനസ്തീസിയ വിഭാഗത്തിലെ ഡോക്ടർമാരായ ആഷിഷ്, റിനി, വിജയ്, ഐശ്വര്യ, ഷിജിൻ എന്നിവരും പങ്കാളികളായി.