പി.സി.തോമസും ശോഭയും, ശക്തിപ്രകടനമായി വിജയയാത്ര വേദി; വൻജനാവലി

എൻ.ഡി.എയിൽനിന്ന് ഇടക്കാലത്തേക്ക് വിട്ടുനിന്ന പി.സി.തോമസിനെയും സ്വരച്ചേർച്ചയിൽ അല്ലാതിരുന്ന ശോഭ സുരേന്ദ്രനേയും അണിനിരത്തിയായിരുന്നു ബിജെപിയുടെ വിജയയാത്ര വേദിയിലെ ശക്തിപ്രകടനം. എൽ.ഡി.എഫിനും യു.ഡി.എഫിനും വെല്ലുവിളി ഉയർത്താൻ പോന്ന ആൾക്കൂട്ടത്തെ സമ്മേളനവേദിയിൽ എത്തിക്കാനും ബിജെപിക്കായി. ഇരുമുന്നണികളും ഉന്നയിക്കാത്ത  വിഷയങ്ങൾ ഉയർത്തിയുള്ള പ്രചാരണമാണ് ബിജെപി ലക്ഷ്യം. 

ബിജെപിയുടെ വിജയയാത്ര വേദിയിൽ നേതാക്കളുടെ പ്രസംഗം തുടങ്ങുമ്പോഴും ശോഭാ സുരേന്ദ്രന്റെ  അസാന്നിധ്യമായിരുന്നു ശ്രദ്ധയാകർഷിച്ചത്.  സംസ്ഥാന നേതാക്കൾ ഒന്നടങ്കം എത്തി അൽപ്പം കഴിഞ്ഞു ശോഭാ സുരേന്ദ്രനും വേദിയിൽ എത്തി. പ്രവർത്തകരെയും നേതാക്കളെയും അഭിവാദ്യം ചെയ്തു രണ്ടാം നിരയിലെ ഇരിപ്പിടത്തിൽ ഇരുന്നു. യോഗി ആദിത്യ നാഥിന്  ആറന്മുള കണ്ണാടി കൈമാറിയ ശോഭ അൽപ്പനേരം യോഗിയുമായി സംസാരിച്ചു. തന്റെ സാന്നിധ്യമറിയിച്ചു. 

വേദിയിൽ ആദ്യമെത്തിയ  പി.സി.തോമസും ശ്രദ്ധാകേന്ദ്രമായി. യോഗിയുടെ തീപ്പൊരി പ്രസംഗത്തെ തർജമ ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും പാർട്ടി പ്രവർത്തകരുടെ കയ്യടിനേടി. തദ്ദേശ തിരഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കാനായില്ലെങ്കിലും നിയമസഭ ലക്ഷ്യമിടുന്ന BDJS സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും വേദിയിൽ കത്തിക്കയറി.