പാലക്കാട് വൻ തീപിടിത്തം; 2 ഹോട്ടലുകൾ കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ രണ്ടു ഹോട്ടലുകളാണ് പൂർണമായി കത്തിനശിച്ചത്. ഹോട്ടൽ ജീവനക്കാരെ ഉൾപ്പെടെ സമയോചിതമായി രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി 

രാവിലെ 11.45 ന് ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡില്‍ നൂർജഹാൻ ഓപ്പൻ ഗ്രില്‍, അറേബ്യൻ ഗ്രിൽ എന്നീ രണ്ടു ഹോട്ടലുകളാണ് അഗ്നിക്കിരയായത്. നൂർജഹാൻ ഓപ്പൻ ഗ്രില്ലില്‍ നിന്ന് തുടങ്ങിയ തീ സമീപമുളള അറേബ്യൻ ഗ്രിൽ ഹോട്ടലിലേക്ക് വ്യാപിക്കുകയായിരുന്നു. ഹോട്ടലിന്റെ മുന്‍വശത്തുളള കെഎസ്ഇബിയുെട ട്രാന്‍സ്ഫോര്‍മര്‍ ഭാഗത്തു നിന്നാണ് തീ വ്യാപിച്ചതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. ഇതിനോട് ചേര്‍ന്നു തന്നെ ഭക്ഷണം പാചകം ചെയ്യുന്നയിടവുമുണ്ട്.

അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് മൂന്നുനില കെട്ടിടത്തിലെ തീ അണച്ചത്. രണ്ടുഹോട്ടലുകളും പൂര്‍ണമായും കത്തിയമര്‍ന്നു. പാചകവാതക സിലിണ്ടറുകൾ വേഗത്തില്‍ മാറ്റാനായതും, ജീവനക്കാരെ ഉള്‍പ്പെടെ രക്ഷപെടുത്തിയതും ആശ്വാസമായി. വന്‍ദുരന്തമൊഴിവാക്കാന്‍ കഴിഞ്ഞു.

തീപിടിത്തം എവിടെ നിന്ന് എങ്ങനെയുണ്ടായെന്ന് വിശദമായ അന്വേഷണം തുടരുകയാണ്.അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടല്‍തന്നെയാണ് എടുത്തപറയേണ്ടത്.പക്ഷേ ഇത്തരം കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ തീനിയന്ത്രണവിധേയമാക്കാനുളള സംവിധാനങ്ങളുടെ ആവശ്യകതയും ബോധിപ്പിക്കുന്നു.