വെള്ളാപ്പള്ളിയുടെ പിന്തുണ തേടി കോണ്‍ഗ്രസ്; നേതാക്കൾ ചർച്ച നടത്തി

നിയമസഭാ തിരെഞ്ഞെടുപ്പിൽ പിന്തുണതേടി ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും വെള്ളാപ്പള്ളി നടേശനെ കണ്ടു. എല്ലാവരെയും കാണുന്നതിന്റെ ഭാഗമാണ് സന്ദർശനം എന്ന് മാത്രമാണ് കോൺഗ്രസ്‌ നേതാക്കൾ പ്രതികരിച്ചത്. ഒന്നരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയെകുറിച്ച് പ്രതികരിക്കാൻ വെള്ളാപ്പള്ളി തയ്യാറായില്ല.

വെള്ളാപ്പള്ളി നടേശന്റെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വസതിയിലാണ് നേതാക്കൾ എത്തിയത്. കെ.സുധാകരനും എത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും വന്നില്ല. അത്ര രസത്തിൽ അല്ലാതെ സംസാരിച്ചു തുടങ്ങിയ വെള്ളാപ്പള്ളി, കോൺഗ്രസിലെ ചില നേതാക്കൾ തന്നോടുകാട്ടുന്ന  വ്യക്തിവിരോധങ്ങൾ  ഉൾപ്പെടെ വിവരിച്ചു. സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ സാമുദായിക പരിഗണന കുറയുന്നതിലും അതൃപ്തി അറിയിച്ചു. തിരഞ്ഞെടുപ്പിൽ സഹായം ഉണ്ടാകണമെന്ന അഭ്യർത്ഥന ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും മുന്നോട്ട് വച്ചു.  എന്നാൽ ചർച്ച കഴിഞ്ഞു പുറത്തിറങ്ങിയ ഇരുവരും പ്രതികരിക്കാൻ തയ്യാറായില്ല 

വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ കോൺഗ്രസ്‌ നേതാവ് ത്രിവിക്രമൻ തമ്പിയാണ് കൂടിക്കാഴ്ചയ്ക്ക് വഴി ഒരുക്കിയത്. എന്നാൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. നവോഥാന സംരക്ഷണ സമിതി അധ്യക്ഷ സ്ഥാനം ഉൾപ്പെടെ വഹിച്ച് ഇടതു സർക്കാരുമായി നല്ല ബന്ധം തുടരുകയാണ് വെള്ളാപ്പള്ളി.