സ്വര്‍ണക്കടത്ത്; എൻഐഎ ചോദിച്ച ദൃശ്യങ്ങൾ സെക്രട്ടറിയേറ്റിൽ നിന്ന് പകർത്തുന്നു

സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എക്ക്  ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങള്‍ എന്‍.ഐ.എ തന്നെ സെക്രട്ടറിയേറ്റില്‍ തന്നെ പകര്‍ത്തിയെടുത്തിരുന്നു.  

സെക്രട്ടറിയേറ്റിലെ 83 ക്യാമറകളിലേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 400 ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് വേണമെന്നു ഐ.ടി വിഭാഗം റിപ്പോര്‍ട് നല്‍കിയിരുന്നു. ഇതനുസരിച്ച് ഹാര്‍ഡ് ഡിസ്ക് വാങ്ങാന്‍ 68 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ടെണ്ടറിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ്ഡിസ്ക് വാങ്ങി പകര്‍ത്തട്ടെയെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്ക് വാങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയത്. 2019 ജൂലൈ മുതൽ ഒരു വർഷത്തെ ദ്യശ്യങ്ങളാണ് എൻ.ഐ.എ നേരത്തെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.കഴിഞ്ഞമാസം സെക്രട്ടരിയേറ്റില്‍ എത്തിയ എന്‍.ഐ.എ ടീം പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തിരുന്നു.സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷ്   പി.എസ്.സരിത്, സന്ദീപ് നായർ എന്നിവർ എത്ര തവണ സെക്രട്ടറിയേറ്റിലെത്തി, മുഖ്യമന്ത്രിയുടെ ഐ.ടി.സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഓഫിസും .മന്ത്രിമാരുടെ ഓഫിസ് സന്ദർശിച്ചിട്ടുണ്ട് ,  തുടങ്ങിയ കാര്യങ്ങൾ അറിയാനാണ് സിസിടിവി പരിശോധന നടത്താന്‍ എന്‍.ഐ.എ തീരുമാനിച്ചത്.