ഉദയ്പൂര്‍ കൊലക്കേസ് എന്‍ഐഎ അന്വേഷിക്കും; ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി

രാജസ്ഥാനിലെ ഉദയ്പൂരിൽ നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്ന സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. ആഭ്യന്തരമന്ത്രാലയം എന്‍ഐഎക്ക് നിര്‍ദേശം നല്‍കി. പ്രതികളുടെ രാജ്യാന്തര ബന്ധങ്ങളും അന്വേഷണ പരിധിയില്‍ വരും. സംഭവത്തില്‍ എഎസ്ഐക്കെതിരെ നടപടിയെടുത്തു.  കൊല്ലപ്പെട്ട കനയ്യ ലാല്‍ ടേലിക്ക് വധഭീഷണിയുണ്ടായിട്ടും ജാഗ്രത പുലര്‍ത്താത്തതിനാണ് സസ്പെന്‍ഷന്‍. കൊലപാതകത്തെ അപലപിച്ച് ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് രംഗത്തു വന്നു. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ രാജസ്ഥാനിലാകെ കർശന ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തെ സമ്പൂർണ ഇന്റർനെറ്റ് വിലക്കും ഒരുമാസം നീണ്ടുനിൽക്കുന്ന നിരോധനാജ്ഞയും രാജസ്ഥാനിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.