എസ്.ഡി.പി.ഐ ധാരണ; പത്തനംതിട്ട സി.പി.എം ജില്ലാ നേതൃത്വത്തിനെതിരെ ഡി.വൈ.എഫ്.ഐ

പത്തനംതിട്ട നഗരസഭയിൽ സി.പി.എം- എസ്.ഡി.പി.ഐ ധാരണയ്ക്കെതിരെ സി.പി.എം ഏരിയാകമ്മറ്റിയും, ഡി.വൈ.എഫ്.ഐ യും. എസ്.ഡി.പി.ഐയുമായി ധാരണയുണ്ടെന്ന് നഗരസഭാ ചെയർമാൻ എൽ.ഡി.എഫ്.യോഗത്തിൽ പരസ്യമായി പ്രഖ്യാപിച്ചിട്ടും മൗനം തുടരുന്ന സി.പി.എം ജില്ലാ നേതൃത്വത്തിനെതിരെ ഡി.വൈ.എഫ്.ഐ അമർഷമറിയിച്ചു. നഗരസഭ ചെയർമാൻ സ്ഥാനം ലക്ഷ്യമിട്ട് പാർട്ടിനയം ലംഘിച്ച് സക്കീർ ഹുസൈൻ എസ്.ഡി.പി.ഐയുമായി ഏകപക്ഷിയമായി ധാരണയുണ്ടാക്കി പ്രവർത്തിക്കുകയാണെന്നാണ് ആരോപണം. 

കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം പത്തനംതിട്ട ഏരിയ കമ്മറ്റി യോഗത്തിൽ വിഷയം അവതരിപ്പിച്ചെങ്കിലും മറുപടി നൽകാതെ നേതൃത്വം ഒഴിഞ്ഞുമാറി. എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കുകയും, എസ്.ഡി.പി.ഐ നിർദേശിച്ചയാളെ വൈസ് ചെയർപേഴ്സൺ ആക്കിയതിനു പിന്നാലെ ഒരു സ്ഥിരം സമിതി കുടി എസ്.ഡി.പി ഐക്ക് നൽകിയിട്ടും ജില്ലാ നേതൃത്വം മൗനം തുടരുന്നതിനെതിരെ ജില്ലാ കമ്മറ്റിയിലെ ഭൂരിഭാഗത്തിനും എതിർപ്പാണ്. എസ്.ഡി.പി ഐയുമായി സഹകരണം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനപ്പെടുത്ത നഗരസഭയിലാണ് പാർട്ടി നയം ലംഘിച്ച് സി.പി.എം വർഗീയ ശക്തികളുമായികൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നതെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. പാർട്ടി അറിയാതെ സ്ഥിരം സമിതി എസ്.ഡി.പി.ഐക്ക് കിട്ടുന്ന തരത്തിൽ അംഗങ്ങളെ സമിതിയിൽ ഇട്ടത് നഗരസഭ ചെയർമാൻ പ്രത്യേക താൽപര്യമെടുത്താണെന്നും ആരോപണമുണ്ട്. നഗരസഭയിലെ കൂട്ടുകെട്ട് നിയമസഭ തിരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.  എസ്.ഡി.പി.ഐയുമായി സഹകരിക്കാതെ ഭരണം മുന്നോട്ടുകൊണ്ടു പോകാനാകില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ നഗരസഭ ചെയർമാൻ പരസ്യമായി പ്രഖ്യാപിച്ചു. ഇതേ തുടർന്ന് സി.പി.ഐ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. എസ്.ഡി.പി.ഐ- സി.പി.എം കൂട്ടുകെട്ടിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തിനും പ്രവർത്തകരുടെ കൂട്ട പരാതിയാണ്.