റബർ മേഖലയ്ക്ക് ആശ്വാസം; താങ്ങുവില 170; സ്വാഗതം ചെയ്ത് കർഷകർ

റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമായി സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം. താങ്ങുവില 170ആക്കി ഉയര്‍ത്തിയത് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമായി. ഉത്പാദനചെലവ് ഉള്‍‌പ്പെടെ വര്‍ധിച സാഹചര്യത്തില്‍ താങ്ങുവില 200രൂപ ആക്കണമെന്നായിരുന്നു ആവശ്യം. 

റബറിന്‍റെ താങ്ങുവില 150ല്‍ നിന്നാണ് 170ആക്കി ഉയര്‍ത്തിയത്. ഇരുനൂറാണ് ആവശ്യപ്പെട്ടതെങ്കിലും 170രൂപ റബര്‍ മേഖലയ്ക്ക് പുതുജീവന്‍ നല്‍കുമെന്നാണ് പ്രതീക്ഷ. ഇടത് സർക്കാരിന്‍റെ കാലത്ത് ഇതാദ്യമായാണ് റബറിന്‍റെ താങ്ങുവില ഉയര്‍ത്തുന്നത്. മുന്‍വര്‍ഷങ്ങളിലും സമാനമായ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനവും ബജറ്റിനെ സ്വാധീനിച്ചു. താങ്ങുവില ഉയര്‍ത്തുമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫും പ്രഖ്യാപിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനത്തെ കർക്ഷകരും സ്വാഗതം ചെയ്തു.

അഞ്ച് ഹെക്ടർവരെയുള്ള റബർ കർക്ഷകർക്ക് താങ്ങുവില ലഭ്യമാകാൻ അപേക്ഷിക്കാം. എന്നാൽ രണ്ടു ഹെക്ടറിന് മാത്രമാകും താങ്ങുവില ലഭിക്കുക. റബർ ബോർഡ് നേരത്തെ തയാറാക്കിയ കണക്കനുസരിച്ച് 172 രൂപ ഒരു കിലോ റബ്ബർ ഉല്പാദിപ്പിക്കാൻ വേണ്ടി വരും. നിർമ്മാണ സാമഗ്രികളുടെ വില വർധിച്ച സാഹചര്യത്തിൽ ഇപ്പോൾ ചെലവ് കൂടിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ റബര്‍വില 165 രൂപയായി ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാഴ്ച മുന്‍പ് വില 150ലേക്ക് കുറഞ്ഞു. കോട്ടയത്ത് വെള്ളൂര്‍ കേന്ദ്രീകരിച്ച് സിയാല്‍ മോഡല്‍ റബര്‍ ഫാക്ടറിയെന്ന പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലും ഇടംപിടിച്ചിട്ടുണ്ട്.