കുടിവെള്ള പൈപ്പ് പൊട്ടി; ക്ലോറിന്‍ വെള്ളം വയലുകളിലേക്ക്; കൃഷിനാശം

കണ്ണൂർ തളിപ്പറമ്പിൽ ജപ്പാൻ കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടി ക്ലോറിൻ കലർന്ന വെള്ളം വയലുകളിലേക്ക് ഒഴുകുന്നു. പത്തു ഏക്കറോളം കൃഷിയാണ്  ഇതുകാരണം നാശിക്കുന്നത്.

മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് സമീപത്താണ് പൈപ്പ് പൊട്ടിയത്. നാലു ദിവസമായി ക്ലോറിൻ കലർന്ന വെളളം സമീപത്തെ വയലുകളിലേക്ക് ഒഴുകിയെത്തുകയാണ്.  ഉഴുന്നും നെല്ലും കൃഷി ചെയ്യുന്ന വയലുകളാണിത്. ക്ലോറിൻ കലർന്ന വെള്ളം കയറിയതിനാൽ ഉഴുന്നും നെല്ലും ചീഞ്ഞ് നശിക്കാൻ തുടങ്ങി. 

പൈപ്പ് പൊട്ടിയ വിവരം തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫിസിലും പട്ടുവം കൃഷി ഭവനിലും അറിയിച്ചിരുന്നെന്ന് കർഷകർ പറയുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ  കൈക്കൊള്ളാത്തത് കർഷകരെ ദുരിതത്തിലാക്കുകയാണ്. കൂടാതെ നാലു ദിവസമായി പ്രദേശത്ത് കുടിവെള്ളവും നിലച്ചിരിക്കുകയാണ്.