ഡ്രൈവര്‍മാര്‍ ടെര്‍മിനലില്‍ കുടുങ്ങി; വല്ലാർപാടത്ത് ചരക്കുനീക്കം വൈകുന്നു: പ്രതിഷേധം

വല്ലാര്‍പാടം കണ്ടെയ്്നര്‍ ടെര്‍മിനിലില്‍ ചരക്കുനീക്കം വൈകുന്നതിനെതിരെ ‍ഡ്രൈവര്‍മാരുടെ പ്രതിഷേധം. ഭക്ഷണവും കുടിവെള്ളവുമില്ലാതെ പത്തുമണിക്കൂറിലധികം ഡ്രൈവര്‍മാര്‍ ടെര്‍മിനലില്‍ കുടുങ്ങി. സാങ്കേതിക പ്രശ്നങ്ങളുടെ പേരിലുള്ള കാലതാമസം ഒഴിവാക്കണമെന്നും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു രാത്രിയിലെ സമരം. 

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്ന് ഇന്നലെ ചരക്കെടുക്കാനെത്തിയ ലോറികള്‍ക്ക് പത്തുമണിക്കൂറിലധികം കാത്തുനിന്നിട്ടും ലോഡുമായി പുറത്തിറങ്ങാനായില്ല. ഇതോടെയാണ് ഡ്രൈവര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയത്. പ്രാഥമികാവശ്യങ്ങള്‍ക്കും, ഭക്ഷണത്തിനും സൗകര്യമില്ലാതിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി.

കസ്റ്റംസ് പരിശോധനയ്ക്ക് കാലതാമസം വരുന്നതും, സാങ്കേതിക തകരാറുകളും പതിവാണെന്നും സമരക്കാര്‍ പറഞ്ഞു. അധികൃതരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായതുമില്ല. ഇതോടെയാണ് ലോറി അകത്തിട്ടശേഷം ‍ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി ടെര്‍മിനലിന് വെളിയിലിറങ്ങിയത്.

 ലോറികള്‍ അകത്തുകയറിയാല്‍ ഡ്രൈവര്‍മാര്‍ക്ക് പുറത്തുപോകാന്‍ അനുമതിയില്ല. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നതാണ് ഡി.പി വേള്‍ഡിന്റെ നിലപാട്.