സമരത്തിൽ ഉറച്ച് കണ്ടെയ്നർ ലോറി ഡ്രൈവർമാർ; ചരക്കുനീക്കം സ്തംഭിച്ചു

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്നുള്ള ചരക്കുനീക്കം സ്തംഭിപ്പിച്ച് കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍മാരുടെ പ്രതിഷേധം.  സാങ്കേതിക പ്രശ്നങ്ങളുടെ പേരിലുള്ള കാലതാമസം ഒഴിവാക്കണമെന്നും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. പ്രതിഷേധം ഇരുപത്തിനാലുമണിക്കൂര്‍ പിന്നിട്ടതോടെ ടെര്‍മിനലിന്റെ പ്രവര്‍ത്തനം നിലച്ചു.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഇന്നലെ രാവിലെ മുതല്‍ ചരക്കെടുക്കാന്‍ കയറിയ ലോറികള്‍ അകത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്. മിക്ക ലോറികളിലും കണ്ടെയ്നര്‍ കയറ്റിയെങ്കിലും പുറത്തേക്ക് പോകുന്നില്ല. നിലവില്‍ അകത്ത് കിടക്കുന്ന നൂറുകണക്കിന് ലോറികള്‍ മാറ്റാതെ അടുത്ത ലോറികള്‍ക്ക് ചരക്കെടുക്കാനാകില്ല. ഒത്തുതീര്‍പ്പിനായി അധികൃതരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ ചരക്കെടുക്കാനെത്തിയ ലോറികള്‍ക്ക് പത്തുമണിക്കൂറിലധികം കാത്തുനിന്നിട്ടും ലോഡുമായി പുറത്തിറങ്ങാനായില്ല. ഇതോടെയാണ് ഡ്രൈവര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയത്. പ്രാഥമികാവശ്യങ്ങള്‍ക്കും, ഭക്ഷണത്തിനും സൗകര്യമില്ലാതിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. 

കസ്റ്റംസ് പരിശോധനയ്ക്ക് കാലതാമസം വരുന്നതും, സാങ്കേതിക തകരാറുകളും പതിവാണെന്നും സമരക്കാര്‍ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ലോറികള്‍ മാറ്റില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.