മിനിലോറി ഓട്ടത്തിനിടെ കത്തി, ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു

കൂരാലി: ആക്രി സാധനങ്ങൾ കയറ്റി വന്ന മിനിലോറി  ഓട്ടത്തിനിടയിൽ കത്തി നശിച്ചു. ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. തീ പടർന്ന ലോറി നിമിഷങ്ങൾക്കുള്ളിൽ കത്തി നശിച്ചു. ഡ്രൈവർ പാലക്കാട് പട്ടാമ്പി കാരക്കാട് കല്ലത്താനിക്കൽ ഹമീദ്, ഒപ്പമുണ്ടായിരുന്ന ബന്ധു കല്ലത്താനിക്കൽ ബഷീർ എന്നിവരാണ് ഇറങ്ങിയോടി രക്ഷപ്പെട്ടത്.

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പൊലീസ് പറയുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നു ആക്രിസാധനങ്ങൾ കയറ്റി ഏറ്റുമാനൂർ വഴി പട്ടാമ്പിക്കു പോകുകയായിരുന്നു ലോറി. ഇന്നലെ ഉച്ചകഴിഞ്ഞു 3 മണിയോടെ പൊൻകുന്നം – പാലാ റോഡിൽ കൂരാലി ജംക്‌ഷനിലാണ് സംഭവം. കൂരാലിയിൽ നിന്നു പള്ളിക്കത്തോട് റോഡിലേക്ക് തിരിഞ്ഞ ഉടനെ മിനിലോറിയുടെ മുൻവശത്ത് തീയും പുകയും ഉയർന്നത്.

ഓട്ടോ സ്റ്റാൻഡിനോടു ചേർന്നു മിനിലോറി നിർത്തിയതോടെ ഓട്ടോകൾ മാറ്റി. ടൗണിലായിരുന്നതിനാൽ ആൾക്കാർ ആശങ്കയിലായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.