പട്ടയഭൂമിക്കുള്ള നിയന്ത്രണം ഇനി കേരളമാകെ; വിധി ശരിവച്ച് സുപ്രീംകോടതി

വാണിജ്യ നിര്‍മാണങ്ങള്‍ക്കുള്ള നിയന്ത്രണം സംസ്ഥാനത്തെ മുഴുവന്‍ പട്ടയ ഭൂമിക്കും ബാധകമാക്കണമെന്ന ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. നിര്‍മാണ നിയന്ത്രണം ഇടുക്കി ജില്ലക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളി.  സര്‍ക്കാരിന് തിരിച്ചടി ഇടുക്കിയിലെ പട്ടയഭൂമിക്കുള്ള നിയന്ത്രണം ഇനി കേരളമാകെ പട്ടയഭൂമിയില്‍ വാണിജ്യനിര്‍മാണം പാടില്ലെന്ന് സുപ്രീംകോടതി  കൃഷിക്കും വീടുവയ്ക്കാനും മാത്രം അനുമതി  ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു 

2016ലാണ് ഇടുക്കിയിലെ പട്ടയഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. മൂന്നാറുള്‍പ്പെടേയുള്ള മേഖലകളില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജില്ലയിലെ പട്ടയഭൂമിയില്‍ നിര്‍മാണ അനുമതി നല്‍കുന്നതിന് വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കി തദ്ദേശവകുപ്പും ഉത്തരവിറക്കി. ഇവ ചോദ്യം ചെയ്ത് ഇടുക്കി സ്വദേശി ലാലി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയില്‍ നിയന്ത്രണം സംസ്ഥാനത്താകെ വ്യപിപ്പിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 

ഹൈക്കോടതി ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ പട്ടയഭൂമി കൃഷിക്കും വീടുവെക്കാനും മാത്രമെ ഉപയോഗിക്കാനാവൂ. ഉത്തരവ് രണ്ട് മാസത്തിനകം നടപ്പാക്കണമെന്നായിരുന്നു കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ കേസെടുത്തിട്ടുണ്ട്. ഇതിലിടപെടാനും സുപ്രീംകോടതി വിസമ്മതിച്ചു.