ചിഹ്നം മാറി, സ്ഥാനാർത്ഥിക്ക് മാറ്റമില്ല; വൈറ്റിലയിൽ കരുത്ത് തെളിയിക്കാൻ‍ സുനിത

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയായി മൽസരിച്ച സുനിത ഡിക്സന് കൊച്ചി കോർപ്പറേഷനിൽ സീറ്റ് നൽകി ഘടകകക്ഷിയായ ആർഎസ്പി.  നാൽപത്തിയൊൻപതാം ഡിവിഷനായ വൈറ്റിലയിലാണ് സുനിത മൽസരിക്കുന്നത്. 2010ൽ ഇടത് കോട്ട തകർത്ത് വൈറ്റില സീറ്റ് പിടിച്ചെടുത്ത സുനിതയ്ക്ക് 2015ൽ സീറ്റ് നൽകാഞ്ഞതിനെ തുടർന്നാണ് വിമത സ്ഥാനാർഥിയായി മൽസരിച്ചത്. 

ചിഹ്നം മാറുമെങ്കിലും വൈറ്റിലയിൽ സ്ഥാനാർഥിക്ക് മാറ്റമൊന്നുമില്ല. മുപ്പത്തിയഞ്ച് വർഷത്തെ ഇടത് മേൽക്കോയ്മ തകർത്താണ് 2010ൽ സുനിത ഡിക്സൻ വൈറ്റില കോൺഗ്രസിനായി പിടിച്ചെടുത്തത്. 2015ൽ സീറ്റ് ലഭിക്കാതിരുന്നപ്പോഴും സ്വതന്ത്രസ്ഥാനാർഥിയായി  മത്സരരംഗത്തുണ്ടായിരുന്നു. പാർട്ടിയുടെ പിന്തുണയില്ലാതെ തന്നെ രണ്ടാംസ്ഥാനത്തെത്തി കരുത്തറിയിച്ച സുനിതയ്ക്ക് ഇക്കുറിയും പാർട്ടി സീറ്റില്ല. വിമത സ്ഥാനാർഥികൾക്ക് സീറ്റ് നൽകേണ്ടെന്ന കെപിസിസി മാനദണ്ഡമായിരുന്നു തടസ്സം. എന്നാൽ വിജയ സാധ്യത പരിഗണിച്ച് ആർഎസ്പി ആകെയുള്ള സീറ്റ് സുനിതയ്ക്ക് നൽകി.

എൽഡിഎഫ് ആഭിമുഖ്യമുള്ള ഡിവിഷൻ തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുനിത. അഞ്ച് വർഷത്തെ വികസനമുരടിപ്പ് ഉയർത്തിക്കാട്ടിയാണ് പ്രചാരണം. പി.എസ്. അംബികയാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി.